Sunday, 7 July 2013

കസേര

ണ്ട് പണ്ട് അങ്ങ് അർഷേഷ്യ എന്ന സ്ഥലത്ത് സാത്വികരായ കുറേ മനുഷ്യർ താമസിച്ചിരുന്നു. അവർ തങ്ങളുടെ സാത്വികതയുടെ പ്രതീകമായി ഒരു മരം നട്ടു. ധ്യാനവും സംരക്ഷണവും ഒക്കെ ആയി അവർ മരത്തിന്റെ കൂടെ ചിലവിട്ടു. അങ്ങിനെ സാത്വികത പെരുമരമായി, ഫല വൃക്ഷമായി തണൽ മരമായി. തണലേറ്റും ഫലം ഭുജിച്ചും അവർ ജീവിച്ചു വന്നപ്പോൾ.. അവിടേക്ക് വഴി യാത്രക്കാരും കടന്നു വന്നു. സാത്വിക മരം ഇഷ്ടപെട്ട അവർ മരത്തിനെ ഉപദ്രവിക്കാതെ തന്നെ തണലേറ്റും ഫലം ഭുജിച്ചും ക്ഷീണം അകറ്റി.  അതിൽ കുറേ പേര് തിരിച്ചു പോയി.. കുറെ ഏറെ പേര് അതിനടിയിൽ കൂടി.. സാത്വികമായി തന്നെ ജീവിച്ചു. 

നട്ടവരും വന്നവരും കുടുംബങ്ങൾ പോലെ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞു. അതിൽ പിന്നെ അവർ പല ഗോത്രങ്ങളായി. അതിനിടെ അവിടെ ഒരു നായാട്ടു സംഘം വന്നു ചേർന്നു. മരം കണ്ടു വളരെ അധികം  ഭ്രമിച്ചു പോയ അവർ എങ്ങിനെ എങ്കിലും ആ മരം സ്വന്തമാക്കുവാൻ കൊതിച്ചു. മരത്തിന്റെ തൈ കൊണ്ട് പോയി നട്ടു നോക്കൂ എന്ന് സാത്വികർ പറഞ്ഞിട്ട് അത്രക്കൊന്നും മിനക്കെടാനോ കാത്തിരിക്കാനോ അവര്ക്ക് താല്പര്യം ഉണ്ടായിരുന്നില്ല. നായാട്ടുകാർക്ക്  ഒരിക്കലും സാത്വികരാകാൻ കഴിയില്ലെന്ന് സാത്വികർ ഒട്ടു മനസ്സിലാക്കിയും ഇല്ല. മരം സ്വന്തമാക്കിയാൽ പിന്നെ തൈ എന്തിനെന്നായിരുന്നു  അവർ സാത്വികരോട് ചോദിക്കാതെ ചോദിച്ച ചോദ്യം. അത് സാത്വികർ ഒട്ടു മനസ്സിലാക്കിയും ഇല്ല!

മരം ആയാൽ അത് സംരക്ഷിക്കപ്പെടെണ്ടാതാണെന്ന് അവർ തോക്ക് ചൂണ്ടി മരത്തിൽ ഇരുന്ന ഒരു കിളിയെ വെടി വെച്ചിട്ടുകൊണ്ട് പറഞ്ഞപ്പോൾ സാത്വികർക്ക് പിന്നെ ചോദ്യം ഉണ്ടായില്ല. വെടി ഒച്ച നിലക്കും മുമ്പ് അവർ മുള്ള് ചെടികൾ കൊണ്ട് അവിടെ വേലി  കെട്ടി തിരിച്ചു.  മരത്തിനു ചുറ്റും. ഇത്രനാളും വേലി ഉണ്ടായിരുന്നില്ലല്ലോ എന്നുള്ള ഏതോ ഒരു മുതിർന്ന സ്വാതികന്റെ ചോദ്യം അവർ ഉത്തരം ആക്കി. അതേ  മരം ആയാൽ വേലി വേണം.  

പിന്നെ വേലി വളർന്നു. വേലി വളരാൻ മരത്തിന്റെ അത്ര താമസം വേണ്ട എന്ന് ഗോത്രങ്ങൾക്കു അപ്പോഴാണ് മനസിലായത്. മരത്തെ ആദ്യം ഗോത്രങ്ങളിൽ നിന്ന് വേലി കെട്ടി തിരിച്ചു, പിന്നെ വേലി ഗോത്രങ്ങൾക്കിടയിലേക്ക് വളർന്നു. മരത്തിലേക്കും ഗോത്രങ്ങളിലേക്കും തങ്ങൾക്കു മാത്രം ആയി വഴി ഇടാൻ നായാട്ടുകാർ ഒട്ടു മറന്നുമില്ല!. ഗോത്രങ്ങളോ തങ്ങൾക്കു കിട്ടിയ വഴികളും അടച്ചു സ്വന്തമാക്കി തുടങ്ങി മരം പോയാലും വഴി  സ്വന്തം ആകട്ടെ  എന്ന് തീരുമാനിച്ചു മറ്റു ഗോത്രക്കാർ നടക്കാതിരിക്കുവാൻ! വളര്ത്തി വലുതാക്കിയ മരം കാണാതായപ്പോൾ അവരിലെ സ്വതികതയും മറന്നു തുടങ്ങി. അപ്പോഴേക്കും നായാട്ടുകാർ ബുദ്ധി ഉപയോഗിച്ച് തങ്ങളുടെ വഴി എല്ലാവർക്കും വേണ്ടി തുറന്നു കൊടുത്തു ഒരു ഔദാര്യം പോലെ. അവർ  സരവ സമ്മതരായി  മാറുവാൻ വേണ്ടി.  അപ്പോഴേക്കും വൈകി എങ്കിലും ഗോത്രങ്ങൾക്കു കാര്യം പിടികിട്ടി. അപ്പോഴേക്കും വേലികൾ വളര്ന്നു കഴിഞ്ഞിരുന്നു. വളര്ന്ന വേലികൾക്കിടയിലൂടെ  ഗോത്രങ്ങൾ തങ്ങളുടെ ആശങ്ക പങ്കു വച്ച്. മരം തങ്ങൾക്കു അന്യമാകുന്നു എന്ന് അവര്ക്ക് മനസ്സിലായി. ആശങ്ക ആവലാതി ആയി.

ഗോത്രങ്ങളെ അകറ്റാനായി മാത്രം കെട്ടി ഉയര്ത്തിയ വേലി തന്നെ ഗോത്രങ്ങളെ ഒന്നിപ്പിക്കുന്നു എന്ന് നായാട്ടുകാർ ബോധവാൻമാരായി. അതിനിടയിൽ ആശങ്കകൾ ആകുലതകളായി, ആകുലതകൾ സമരങ്ങളായി. സമരങ്ങളിൽ ഗോത്ര നേതാക്കൾ ഉയർന്നൂ വന്നു. സമരങ്ങൾ തീക്ഷ്ണങ്ങളായി. നില്ക്കക്കള്ളി ഇല്ലെന്നു കണ്ടപ്പോൾ നായാട്ടുകാർ ഉപായം ഇറക്കി. ഗോത്രങ്ങളെ ഉദ്ബുദ്ധരാക്കി. അവർ സൂത്രം പ്രയോഗിച്ചു മരം കിട്ടില്ല. തങ്ങൾക്കു കിട്ടാത്ത മരം ഇനി ഇവിടെ നില്ക്കുവാൻ പാടില്ല അവരും ഉപയോഗിക്കണ്ട. 

മരം നിങ്ങള്ക്ക് വിട്ടു തരാം അവർ പ്രഖ്യാപിച്ചു പക്ഷെ ആര്ക്ക്? കാറ്റ് വീശി മരം ആടി ഉലഞ്ഞു. മരത്തിന്റെ വേദന ആരും കണ്ടില്ല. വേദന കാണാതെ മരം കണ്ട നായാട്ടുകൾ അതും വിദ്യ യാക്കി.. അവർ ഗോത്ര തലവൻ മാരെ മാത്രം വിളിച്ചു വരുത്തി  നോക്കു മരം വല്ലാതെ ആടി ഉലയുന്നുണ്ട്. ഇനി ഈ മരം എന്തിനു? ഞങ്ങൾ നായാട്ടുകാർ ഞങ്ങളുടെ തോക്കിന്റെ ബലത്തിൽ മരം ഇത്ര കാലം ഞങ്ങൾ സംരക്ഷിച്ചു. ഇപ്പോൾ നിങ്ങൾ പറയുന്നു മരം ഞങ്ങൾ സ്വന്തം ആക്കി എന്ന്. മരം ഞങ്ങള്ക്ക് വേണ്ട. മരം തിരിച്ചു തരാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങള്ക്ക് നിങ്ങളുടെ സന്തോഷം മാത്രം മതി. മരം സംരക്ഷിക്കാം കഴിയും എന്ന് നിങ്ങള്ക് ഉറപ്പുണ്ടോ? വേണമെങ്ങിൽ ആ ഉറപ്പിനു വേണമെങ്കില നിങ്ങള്ക് ഞങ്ങളുടെ അറിവും  തരാം നായാട്ടിന്റെ മതം പകര്ത്തി തരാം. മറുപടി പറയാൻ തുടങ്ങുന്നതിനു മുമ്പ് അവൻ സമവാക്യം അവരുടെ മുന്നില് വച്ചു. നോക്കൂ നിങ്ങൾ ഗോത്ര തലവൻ മാര്. നാളെ നിങ്ങൾ വേണം ഈ ഗോത്രങ്ങൾ നോക്കാൻ ഈ മരം നോക്കാൻ അപ്പോൾ ഇപ്പോൾ നിങ്ങൾക്ക് വേണ്ടത് ഒരു കസേരയാണ്. എല്ലാ ആഡംബരതോടും ഇരുന്നു ഭരിക്കുവാൻ നല്ല ഉറപ്പുള്ള ഒരു കസേര. ഈ മരം മുറിച്ചാൽ അതിനുള്ള കസേര കിട്ടും ഈ മരത്തിന്റെ തടി ആയതു കൊണ്ട് നിങ്ങളുടെ കസേരക്ക് നല്ല ബലവും ഉറപ്പും പോരാത്തതിനു ഈ മരത്തിനോടുള്ള സ്നേഹവും ബഹുമാനവും കിട്ടും. നിങ്ങൾക്ക് വേണമെങ്കിൽ എത്ര വേണമെങ്കിലും പുതിയ മരവും നടാം. അതിന്റെ പേരും വിലയും നിങ്ങള്ക്ക് കിട്ടുകയും ചെയ്യും. ആരോ നട്ട ഈ മരം നമുക്ക് മുറിക്കാം മുറിച്ചു കസേര ആക്കം. ഗോത്രതലവാൻ മാര് പരസ്പരം നോക്കി. നായാട്ടുകാർ ഗോത്രതലവൻ മാരെ നോക്കി കണ്ണിറുക്കി. മരം വീണ്ടും ആടി ഉലഞ്ഞു. കഥ അറിയാതെ ഗോത്രങ്ങൾ എരിപിരി കൊണ്ടു. പെട്ടെന്ന് കൊടും കാറ്റടിച്ചു. മരം ആടി ഉലഞ്ഞു. നോക്കൂ മരം ഇതു നിമിഷവും പുഴുതുവീഴാം നിലം പൊത്താം.. അതിനു മുമ്പ് ഇത് മുറിച്ചു കസേര ആക്കാം. നിങ്ങൾ ഗോത്രങ്ങളോട് പറയൂ അവര്ക്ക് ആ കസേരയുടെ അടിയിൽ വിശ്രമിക്കാം, കസേര തൊട്ടു നോക്കാം. സ്ഥാനാരോഹണം ആഘോഷിക്കാം ഒരു ഉത്സവം ആയി കൊണ്ടാടാം ആനന്ദിക്കാം.. പിന്നെ ഗോത്ര നേതാക്കളുടെ ചെവിയിലായി പറഞ്ഞു പ്രലോഭിപ്പിക്കാം തിരഞ്ഞെടുപ്പ് നടത്തിക്കാം അവരെ കൊണ്ടു തന്നെ നിങ്ങളുടെ പേര് പറയിപ്പിക്കാം നിങ്ങൾ നിന്ന് കൊടുക്കുന്നു അവര്ക്ക് വേണ്ടി എന്നെ അവര്ക്ക് തോന്നാവൂ, അതിനു നിങ്ങളുടെ ആൾക്കാർ ഗോത്രതിലുണ്ടാവണം ഒരു സാധാരണ അംഗം പോലെ തിരിച്ചറിയാതെ. പക്ഷെ കസേര ഒരിക്കലും വിട്ടു കൊടുക്കരുത്. നിങ്ങൾ കാലാകാലം ഇരുന്നു ഭരിക്കണം മടുക്കുമ്പോൾ നിങ്ങളുടെ കാലശേഷം നിങ്ങളുടെ മക്കൾ കൊച്ചു മക്കൾ ചെറുമക്കൾ അവർ പരക്കമുട്ടുന്നതു വരെ നിങ്ങൾ നിശ്ചയിക്കുന്ന ഏതെങ്കിലും വിശ്വസ്തനായ കാര്യസ്ഥൻ.

പക്ഷെ എത്ര കസേര? അത് ചോദിച്ചതാരാണെന്നു പോലും നോക്കാതെ നായാട്ടുകാരൻ ചിരിച്ചു പിന്നെ  ഉത്തരം പറഞ്ഞു. നിങ്ങൾ എത്ര പേരോ അത്ര കസേരകൾ. ഗോത്ര തലവർ പൊട്ടി ചിരിച്ചു കൊണ്ടു എഴുന്നേറ്റു. കണ്ണുരുട്ടി ഗോത്രങ്ങൾക്കു നേരെ നോക്കി വേറെ ആരെങ്കിലും കസേരക്ക് അധികാരത്തിനു കണ്ണ് വയ്ക്കുന്നുണ്ടോ? ഗോത്രങ്ങൾ പേടിച്ചു തല കുനിച്ചു. യോഗം തീർന്നപ്പോൾ പാതിര, സമയം നോക്കിയില്ല ആദ്യ വെട്ടു എന്നൊന്നും ഉണ്ടായില്ല എല്ലാ വെട്ടും ആദ്യ വെട്ടായി കുറെ വെട്ടു ഗോത്രത്തിലെ അംഗങ്ങൾ; അവര്ക്കും കിട്ടി! കുറെ പേര് മരിച്ചു വീണു. വെട്ടു കഴിഞ്ഞപ്പോൾ തടി ആയി വീഴേണ്ട മരം വിറകായോ എന്ന് ചിലരെങ്കിലും സംശയിച്ചു. വിറകെങ്കിൽ വിറകു കസേര മതി! കസേരകൾ ഒരുങ്ങി. ആദ്യം തയ്യാറായ കസേര വലിച്ചിട്ടു ഒരു ഗോത്ര തലവൻ തന്റെ സ്ഥാനാരോഹണം പാതിരാത്രി തന്നെ നിർവഹിച്ചു. കസേര പണി വൈകിയാലും തന്റെ കസേര മറ്റു ഗോത്ര തലവനേതിനേക്കാൾ ഉറപ്പുണ്ടായിരിക്കണം എന്ന് വാശി കൂടിയ ഗോത്ര തലവന്റെ കസേര പിന്നെയും വൈകി ഒന്ന് രണ്ടു ദിവസം. അങ്ങിനെ രണ്ടു കസേരകൾ മരം നിന്ന സ്ഥലത്ത് ഉയര്ന്നു. പക്ഷെ മരം പോയിട്ടും വേലി പൊളിക്കാൻ ഗോത്രങ്ങൾ തയ്യാറായില്ല. മരം ഇല്ലാത്ത വേലി കടന്നു രണ്ടു ഗോത്ര നേതാക്കല്ക്ക് ബാക്കി വന്ന ഉണ്ടയും തോക്കും വീതം വച്ചു നായാട്ടുകാർ ബാക്കി വന്ന തടിയും ചില്ലയും വിറകും ആയി യാത്ര ആയി. ഗോത്രങ്ങൾ അപ്പോഴേക്കും സ്ഥാനാരോഹണം ആഘോഷിക്കുക ആയിരുന്നു കസേര ചുമന്നും കണ്ടും കസേരകൾ മോടി  പിടിപ്പിച്ചും. പിന്നെ അവിടെ ഒരു മരം കിളിച്ചിട്ടും ഇല്ല കസേര ഇപ്പോഴും ശക്തമായി നിലനില്കുന്നു. മരത്തിനേക്കാൾ ശക്തിയായി ആടി കൊണ്ടു മരം ഇല്ലാത്തതു കൊണ്ടു കാറ്റുള്ളപ്പോൾ ഗോത്രങ്ങൾ കസേരയിൽ പിടിച്ചു സ്വരക്ഷ തേടുന്നു. ഗോത്രങ്ങൾ മുറുകെ പിടിക്കുന്നത്‌ കൊണ്ടു എത്ര കാറ്റടിച്ചാലും സുരക്ഷിതമായി കസേര ഇന്നും ഏതു കാറ്റും അതി ജീവിച്ചു നിലനില്ക്കുന്നു
സാത്വികത നട്ട മരത്തിന്റെ തടി ആയതു കൊണ്ടു ഇന്നും കസേരകൾ  ദ്രവിക്കാതെ  നില്ക്കുന്നു. തണൽ തേടി ഇപ്പോഴും ഗോത്രങ്ങൾ കസേര ചുമക്കുന്നു ...


കഥയിൽ ഇല്ലാത്തതു

(അർഷേഷ്യ  ഇന്ന് ചരിത്രത്തിലില്ല എന്നോ ചരിത്രത്തോടൊപ്പം കടലെടുത്തു)

published in
നിശ്വാസം
byjunarayan.blogspot.ae  on 23 June 2013 

Thursday, 4 July 2013

വഞ്ചന


ഈ വൈകിയ വേളയിൽ.... ഞാൻ ആ സത്യം തിരിച്ചറിയുന്നു..
അവൾ എന്നെ വഞ്ചിക്കുകയായിരുന്നു.
അതെ അവൾ... എന്റെ പുഴ.. ഞാൻ ജീവന് തുല്യം സ്നേഹിച്ച എന്റെ പുഴ, എന്റെ മാത്രം പുഴ!
അവൾ എന്നെ വഞ്ചിക്കുകയായിരുന്നു.. ജീവന് തുല്യം നിന്നെ സ്നേഹിക്കുന്നെന്ന് കാതിൽ കെട്ടിപ്പിടിച്ചു പറയുമ്പോഴും അവളെന്നെ ചതിക്കുകയായിരുന്നു..

നിനക്കിഷ്ടം എന്നെയോ എന്നിലെ വെള്ളത്തെയോ അതോ അടിയിലെ മണലിനെയോ? എന്നവൾ കളിയായി ചോദിക്കുമ്പോഴും.. ഞാൻ എന്റെ മുഖം തോണി കൊണ്ട് മറച്ചു അവളുടെ മാറിൽ തുഴയെറിഞ്ഞ് പരിഭവം കാണിച്ചു.

അവൾ മുങ്ങി പൊങ്ങുമ്പോൾ എല്ലാം, അവൾ കുടിച്ച വെള്ളം കുടിച്ചു വറ്റിച്ചു.. അവളുടെ ജീവന് വേണ്ടി..

ആഴം കുറയുമ്പോൾ എല്ലാം അവളുടെ വയറിൽ പതിയെ തടവി ഇക്കിളി ഇട്ടു ചിരിപ്പിച്ചു, അവൾ ശർദ്ദിച്ച മണൽ അവളറിയാതെ കോരി കളഞ്ഞു വൃത്തി ആക്കി.. എന്നിട്ടും അവളെ രക്ഷിക്കാനായ്‌ പിടിച്ചു കെട്ടുമ്പോഴും എനിക്ക് അസുഖമൊന്നുമില്ല ഞാൻ രോഗിയല്ല ഞാൻ ഭ്രാന്തി യാണോ ഇങ്ങനെ പിടിച്ചു കെട്ടാൻ എന്ന് അവൾ അലറി കുതറുന്നുണ്ടായിരുന്നു.

പിന്നെ സമൂഹം ഇവൾക്ക് ഭ്രാന്താണെന്ന് വിധി എഴുതുമ്പോഴും.. ഇനി അധികം ആയുസ്സില്ലെന്ന് അടക്കം പറയുമ്പോഴും അവൾ പൊട്ടി കരഞ്ഞു എന്നെ കെട്ടിപ്പിടിച്ചു.. എന്നെ വിട്ടു കൊടുക്കല്ലേ എന്നെ കൊണ്ട് പോകരുതെന്ന് പറയൂ.....എന്ന് പറഞ്ഞു അവൾ അലമുറ ഇട്ടു.

അവസാനം അവളുടെ കരവലയത്തിൽ വീണുറങ്ങുമ്പോൾ അവളുടെ ഏങ്ങലുകൾക്ക്, അവളുടെ വീർപ്പുമുട്ടലുകൾക്ക് ഒരു ആശ്വാസം പോലെ അവളിൽ പറ്റിച്ചേർന്നു കിടന്നു..

എത്രനേരം  അങ്ങനെ കിടന്നു എന്നോർമയില്ല..

അബോധത്തിനും മരണത്തിനും ഇടയിലെ നേർത്തനിമിഷങ്ങൾക്കിടയിൽ. കണ്‍പോള ബലമായി തുറക്കാൻ ശ്രമിക്കുമ്പോൾ അറിയാത്ത കടൽക്കരയിലെത്തിയിരുന്നു!

ജീവനുണ്ടോ എന്ന് സ്വയം നോക്കാൻ നീട്ടിയ കയ്യിൽ അവളുടെ തണുത്ത വിറങ്ങലിച്ച ശരീരം!.. അപ്പോഴും അവൾ എന്നെ ഇറുകെ പുണർന്നിരുന്നു... അവളെപ്പോഴോ മരിച്ചിരുന്നു!.. മരണത്തിലും അവൾ എന്നെ കൈവിട്ടിരുന്നില്ല! മരണത്തിനു മുമ്പേ ഞാൻ അവളെ കൈവിട്ടല്ലോ എന്ന് ഓർക്കുന്നതിനിടയിൽ  ബാലിക്കാക്കയും കടൽക്കാക്കകളും കർമങ്ങൾക്ക് തിരക്ക് കൂട്ടുന്നത്‌ ഞാൻ അറിഞ്ഞു.

അവനോ, അവൾക്കോ ആദ്യം ശ്രാദ്ധം എന്ന് അവർ തർക്കിക്കുമ്പോൾ.. ആരോ ആ സംശയം ഉയർത്തി.. ചടങ്ങ് നടത്താൻ വരട്ടെ. കൊന്നത് അവനോ?   അതോ... അവളോ?


published in
നിശ്വാസം
byjunarayan.blogspot.ae  on 08 June 2013 

സ്വാതന്ത്ര്യ ദിനം

രത് വലിയ ആശ്വാസത്തിലായിരുന്നു, അവന്റെ പതിനഞ്ചാം പിറന്നാളാണ് ഇന്ന് . സാധാരണ ഉറക്കം എഴുന്നേൽക്കാനുള്ള രാവിലത്തെ അലാറം കേൾക്കുമ്പോൾ അവൻ പിറുപിറുക്കാര് "നാശം" എന്നാണ്. പലപ്പോഴും അവനു തോന്നിയിട്ടുണ്ട്.. തന്റെ ജീവിതവും ഇങ്ങനെ ആയതു.. രാവിലെ അറിയാതെ എങ്കിലും തന്റെ നാവിൻ തുമ്പിൽ നിന്നും വരുന്ന ഈ ശാപവാക്കു കൊണ്ടാണോ? എങ്ങിനെ തോന്നാതിരിക്കും.. കൂട്ടുകാര് പറയും എടാ ഭരത്തേ നീ ഭാഗ്യവാനാടാ, അനാഥാലയത്തിൽ ആണെങ്കിലും നീ ഒരു ഭാരതം അല്ലേടാ, ഭൂപടം ഇല്ലാത്ത ഒരു കൊച്ചു ഇന്ത്യ, ഭൂപടം ഇല്ലെങ്കിലും നീ കൊടുത്ത മാപ്പുള്ള സ്വന്തമായി ഒരു അമ്മയുള്ള ഒരു കൊച്ചു അനാഥൻ, സ്വതന്ത്ര അനാഥൻ! അത് കേൾക്കുമ്പോൾ അവനു സങ്കടം ആണോ സന്തോഷം ആണോ അഭിമാനം ആണോ അപമാനം ആണോ അവനു അത് ഇതു വരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല, അല്ലെങ്കിൽ തന്നെ തനിക്കു അങ്ങിനെ എന്തെങ്കിലും വികാരമുണ്ടോ? അടികിട്ടുമ്പോഴും ക്ലാസ്സിൽ നിന്നും ഇറക്കി വിടുമ്പോഴും അദ്ധ്യാപകർ ശകാരിക്കാറുണ്ട്, "ഇവൻ എന്തൊരു ജീവി ഒരു നാണവും മാനവും ഇല്ലല്ലോ! എത്ര കിട്ടിയിട്ടും" എന്ന് . ശരിയാണ് അവനുള്ള ഒരേ ഒരു വികാരം ..ആശ്വാസം... അതാണ് എന്തിലും കണ്ടെത്തുന്ന ആശ്വാസം. അനാഥൻ എന്നാ അനുകമ്പയുടെ ആശ്വാസം, അനാഥൻ ആയിട്ടും അമ്മ ഉള്ളതിന്റെ ആശ്വാസം.സ്വന്തം ജന്മ ദിനം ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം കൂടി ആണല്ലോ എന്ന് ഓർക്കുമ്പോഴും ഓർമിപ്പിക്കുമ്പോഴും തോന്നുന്ന അഭിമാനത്തിന്റെ ആശ്വാസം. ഇതെല്ലാം ആയിട്ടും തനിക്കു സന്തോഷവും സ്നേഹവും സ്വാതന്ത്ര്യവും ഇല്ലല്ലോ എന്നുള്ള സങ്കടത്തിലും... ആശ്വാസം.

അതും ആശ്വാസം തന്നെ! ഇന്ന് അവധി ആണല്ലോ.. രാവിലെ സ്വാതന്ത്ര്യ ദിന ചടങ്ങുകൾ ഉണ്ടാവും. അതിനു മുമ്പ് അനാഥാലയത്തിലെ പതിവ് പ്രാർഥനയും കേക്ക് മുറിക്കലും. അവൻ ചിന്തയിലായിരുന്നു രാവിലത്തെ പ്രാർത്ഥനയിലും! പ്രാർത്ഥന കഴിഞ്ഞു.. എല്ലാവരും പ്രാർഥനാ മുറിയിൽ നിന്ന് വരി വരിയായ് പുറത്തേക്കു നടന്നപ്പോഴാണ് അവൻ തന്റെ ചിന്തയിൽ നിന്നുണർന്നത്‌. ഭക്ഷണം കഴിക്കുവാൻ മറ്റുകുട്ടികളോടൊപ്പം ഭക്ഷണ ശാലയിലേക്ക് നടക്കുമ്പോൾ സുഹൃത്തുക്കൾ അവനെ ജന്മദിനാശംസകൾ കൊണ്ട് വീര്പ്പു മുട്ടിക്കുകയായിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ ജനിച്ചത്‌ കൊണ്ടുള്ള ഓര്മയുടെ ഒരു ഔദാര്യം! അവൻ ഓർത്തു. തന്റെ പേര് പോലെ തന്നെ! തന്റെ പേര് പോലും ഒരു ഔദാര്യവും ദാനവും ആണല്ലോ തന്റെ ജന്മം പോലെ! തന്റെ സ്നേഹമയിയായ അമ്മയുടെ സ്നേഹത്തിന്റെ ഔദാര്യം പോലെ! മറ്റൊരു വിവാഹം കഴിക്കുവാൻ മനസ്സില്ലാമനസ്സോടെയാണ് തന്നെ പോലെ തന്നെ അനാഥയായ അമ്മ തന്നെ ഇവിടെ കൊണ്ട് വിട്ടതെന്ന് അനാഥാലയത്തിലെ സിസ്റ്റർ നിർമല അവനു അമ്മ കൊണ്ട് കൊടുക്കാറുള്ള വിലയേറിയ സമ്മാനങ്ങൾ കൈമാറുമ്പോൾ ഓര്മിപ്പിക്കാരുണ്ടായിരുന്നു! എന്നാലും അമ്മ ഇന്ന് സനാഥ ആണല്ലോ അവൻ ആശ്വസിക്കാറുണ്ടായിരുന്നു! സ്വന്തമായി തന്നെ ഭർത്താവുംകുട്ടികളും ഉള്ള സനാഥ!
ഭക്ഷണം കഴിക്കുവാനുള്ള ഹാളിൽ വച്ചിരുന്ന റേഡിയോ ചിലച്ചു കൊണ്ടേയിരുന്നു. സാരോപദേശം എന്ന പരിപാടിയുടെ അറിയിപ്പ് വന്നപ്പോൾ സമയം 6.30 ആയല്ലോ എന്നവൻ ഓർത്തു. ഭക്ഷണം കഴിക്കുന്നതിനിടയിലും അവൻ ചിന്തയിലായിരുന്നു. ചിലപ്പോൾ അവനു തന്നെ തോന്നാറുണ്ട് തന്നെ പോലെ തന്നെ തന്റെ ചിന്തകളും അനാഥമാണല്ലോ!
കഥയുടെ പേരാണ് അവനെ ചിന്തയിൽ നിന്നുനര്ത്തിയത് "അമ്മയുടെ ത്യാഗം സ്നേഹ പൂർണം"
മഹാനായ സോളമന്റെ  ബുദ്ധിയുടെയും ധർമത്തിന്റെയും കഥ ആയിരുന്നു. കഥയുടെ മുഖവുരയിൽ തന്നെ സോളമനെ കുറിച്ച് പറഞ്ഞപ്പോൾ  മറ്റൊരു ധര്മിഷ്ടനായ ശിബി ചക്രവർത്തിയുടെ  ത്യാഗത്തിന്റെ കഥ അവനു ഓര്മ വന്നു, പക്ഷിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മാംസം ചോദിച്ചു ചക്രവര്ത്തിയുടെ ത്യാഗം പരീക്ഷിച്ച കഥ. അതിൽ ശിബി ചക്രവര്ത്തി ത്യഗതോടൊപ്പം ധാര്മികനായി ജയിക്കുന്ന കഥ. പക്ഷെ ഈ കഥ അവൻ കേട്ടിട്ടുണ്ടായിരുന്നില്ല, അത് കൊണ്ട് അത് ശ്രദ്ദിക്കണം എന്ന് തോന്നി. വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് അതിലും ചുരുങ്ങിയ സമയത്തിനുള്ളിൽ പറഞ്ഞു തീര്ന്ന ആ കഥ തീര്ന്നിട്ടും അവന്റെ മനസ്സില് അത് തികട്ടി തികട്ടി വന്നു. അതെ അത് അമ്മയുടെ സ്നേഹത്തിന്റെ കഥയാണ് സ്നേഹതിനെക്കാൾ ഉപരി അതിനു മുകളിൽ നില്ക്കുന്ന ത്യാഗത്തിന്റെ കഥ. ഒരു കൈക്കുഞ്ഞിന്റെ അമ്മയാണെന്ന അവകാശ വാദവുമായി രണ്ടു സ്ത്രീകൾ  സോളമന്റെ  മുന്നിൽ കുട്ടിയും ആയി എത്തുന്ന കഥ. അവസാനം  സോളമന്റെ  ബുദ്ധിയുടെ മുമ്പിൽ ത്യഗത്തോടൊപ്പം കുട്ടിയെ തിരികെ യഥാര്ത അമ്മക്ക് തിരികെ കിട്ടുന്ന കഥ! കുട്ടിയെ ജീവനോടെ മുറിച്ചു പകുത്തു തരാം എന്ന് പറയുമ്പോൾ അത് കേട്ട പാതി കേള്ക്കാത്ത പാതി അതിനു സന്തോഷത്തോടെ സമ്മതം മൂളുന്ന വ്യാജ അമ്മയുടെ കഥ! ആ ചോദ്യം കേട്ട് ഞെട്ടി വേണ്ട കുഞ്ഞിനെ മുറിച്ചു ആ  കുഞ്ഞിനെ എനിക്ക് വേണ്ട അവനു നോവേണ്ട അവനെ വേദനിപ്പിക്കാതെ കൊല്ലാതെ മറ്റേ സ്ത്രീക്ക് വിട്ടുകൊടുക്കുവാൻ ഒരു ആലോചനയും കൂടാതെ സമ്മതിക്കേണ്ടി വന്ന ഒരു യഥാര്ത അമ്മയുടെ ത്യാഗത്തിന്റെ കഥ. സോളമന്റെ മഹത്വം കൊണ്ടും ബുദ്ധി വൈഭവം കൊണ്ടും സ്വന്തം കുട്ടിയെ സുരക്ഷിതമായി സ്വന്തം അമ്മയ്ക്ക് തന്നെ കിട്ടുന്ന ശുഭപര്യവസായി ആയ സത്യത്തിന്റെ കഥ. അമ്മയുടെ യഥാര്ത സ്നേഹം ഓർക്കുന്നതിനിടയിലാണ് കഥ കഴിഞ്ഞു റേഡിയോ സ്വാതന്ത്ര്യ ദിനത്തിന്റെ മഹത്വത്തിലേക്ക് കടന്നത്‌. സ്വതന്ത്ര്യത്തോടനുബന്ധിച്ചാണ് ഭാരതം വിഭജിക്കപ്പെട്ടതെന്നു കേട്ടപ്പോൾ, അവനു ഓര്മ വന്നത് കുട്ടിയെ മുറിക്കേണ്ട എന്ന് പറഞ്ഞു ആ സന്തോഷവും അമ്മയുടെ സ്വാതന്ത്ര്യവും വേണ്ടെന്നു വച്ച അമ്മയുടെ ചിത്രമാണ്. സ്വാതന്ത്ര്യം എന്ന അധികാരത്തിനു വേണ്ടി വെട്ടി മുറിക്കപ്പെട്ട ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോഷത്തിനോട് വെട്ടി മുറിക്ക പ്പെടേണ്ട കേക്കിനോടെന്ന പോലെ ഒരു വെറുപ്പ്‌ അവനു തോന്നി. മുറിക്കാൻ അലങ്കരിച്ചു വച്ചിരുന്ന കേക്ക് കണ്ടപ്പോൾ അവൻ വേറെ ഒന്നും ഓര്ത്തില്ല. അത് എടുത്തു ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു അവന്റെ കട്ടിലിലേക്ക് ഓടുമ്പോൾ അത് ആഘോഷത്തിന്റെ ഭാഗമായുള്ള അവന്റെ ഒരു വല്യ കുസൃതി ആന്നെന്നു വിചാരിച്ചു ഹാപ്പി ഇന്ടിപ്പെന്ടെൻസ് ബര്ത്ഡേ പാടി അവന്റെ പിറകെ ഓടുകയായിരുന്നു അവന്റെ കൂട്ടുകാർ.

അപ്പോൾ മുറിച്ചിട്ട ഒരു വാൽ താഴെ കിടന്നു പിടക്കുമ്പോഴും അതിലും ശക്തിയായി ഇടിക്കുന്ന ഒരു ഹൃദയം  ഉള്ളിലൊതുക്കി നിറവയറുള്ള  ഒരു പല്ലി മച്ചിൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു.


published in
നിശ്വാസം
byjunarayan.blogspot.ae  on 30/06/2013