Wednesday, 13 November 2013

മനുഷ്യൻ

(തികച്ചും സങ്കല്പ്പികമായ ഒരു കഥ
ചില ചരിത്ര വസ്തുകൾ പശ്ചാത്തല ഭംഗിക്ക് ചേർത്തിട്ടുണ്ട് അത് വായനാ സുഖത്തിനു മാത്രം എടുക്കുക)

നോബൈൽ സമ്മാനം
മനുഷ്യനെ കണ്ടു പിടിച്ചതിനുള്ള നോബൈൽ സമ്മാനം ഇത്തവണയും കിട്ടാതിരുന്നപ്പോൾ ദൈവം ചൂടായി.. കണ്ടു പിടിച്ചത് മനുഷ്യരെ ആണെന്ന് തെളിയിക്കുവാൻ പറഞ്ഞപ്പോഴാണ് ദൈവം ഒന്ന് തണുത്തത്‌.
എങ്കിൽ സമാധാനത്തിനുള്ളതെങ്കിലും...?
ദൈവത്തിന്റെ ന്യായമായ ചോദ്യം കേട്ടപ്പോൾ അക്കാദമി അത് ഉറപ്പിച്ചു... പക്ഷെ തന്റെ കൂടെ മത്സരിക്കുവാനുള്ളത് മനുഷ്യരോ അവരുടെ സംഘടനകളോ ആണെന്നറിഞ്ഞപ്പോൾ ദൈവം സ്വയം പിന്മാറുകയായിരുന്നു..(കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ലാത്തതു കൊണ്ടാവാം)
അപ്പോഴും
ദൈവത്തിനെ കണ്ടുപിടിച്ചതിന്റെ സമ്മാനം  മനുഷ്യനായി ചെന്ന് അവകാശപ്പെടണോ എന്ന് യുക്തിപരമായി ചിന്തിക്കുകയായിരുന്നു ദൈവം


ഒളിച്ചു കളി
മനുഷ്യനെ സൃഷ്ടിച്ചു ക്ഷീണിച്ചിരുന്നപ്പോഴാണ് സൃഷ്ടിച്ചു അധിക നേരം ആവാത്ത മനുഷ്യന് ബോർ അടിക്കുന്നെന്നു ദൈവത്തിനോട് വന്നു പരാതി പറഞ്ഞത്. അപ്പോൾ ഹവ്വയുടെ തലച്ചോറിന്റെ അവസാനവട്ട  മിനുക്ക്‌പണിക്കിടയിലായിരുന്നു ദൈവം.. തന്റെ ഇതുവരെ ഉള്ള സൃഷ്ടികളിൽ നിന്ന് ബൗന്ധികപരമായും സൌന്ദര്യപരമായും തന്റെ ഏറ്റവും പുതിയ സൃഷ്ടി എന്ന നിലയിൽ ഹവ്വ ഏറ്റവും മികച്ചതാകണം എന്ന് ദൈവത്തിനു ആഗ്രഹമുണ്ടായിരുന്നു
തന്റെ സൃഷ്ടിയുടെ ബോറടി മാറ്റേണ്ട കടമ തന്റെതാനെന്നുള്ള ചിന്ത ദൈവത്തിനെ പെട്ടെന്ന് ക്ഷീണത്തിൽ നിന്ന് ഉണർത്തി. തന്റെ മുന്കാല സൃഷ്ടികളെ ഓരോന്നായി കാണിച്ചു കൊടുത്തു മനുഷ്യനെ അതിശയിപ്പിക്കാം  എന്നുള്ള തീരുമാനത്തിനെ കടത്തി വെട്ടി ക്കൊണ്ട് മനുഷ്യൻ ആദ്യം ദൈവത്തിനെ ഒളിച്ചേ കണ്ടേ കളിയ്ക്കാൻ വിളിച്ചു
 കേട്ടപാതി കേൾക്കാത്ത പാതി ദൈവം ഓടി ഒളിച്ചു. ഒളിച്ചിരിക്കുന്ന ദൈവത്തെ തിരയുന്നതിനിടയിൽ പണിതീരാത്ത ഹവ്വയെ കണ്ടപ്പോൾ ദൈവം ഹവ്വയായി വേഷം മാറിയതാകാം എന്ന് തെറ്റിദ്ധരിച്ചോ അല്ലാതെയോ   മനുഷ്യൻ കണ്ടേ വിളിച്ചു.  ദൈവം മനുഷ്യനെ തെറ്റിദ്ധരിച്ചു (ഒരു നിമിഷം മനുഷ്യനായി പോയി) ദൈവത്തിനു മനുഷ്യൻറെ വിളിയും കളിയും കള്ളക്കളി ആയിട്ട് തോന്നി  മനുഷ്യന്റെ കള്ളകളി കണ്ടു മനസ്സുമടുത്ത ദൈവം ഒളിച്ചിരുന്നിടത് തന്നെ കിടന്നു ഉറങ്ങി പോയി. ദൈവം ഉറങ്ങിപോയതറിയാതെ മനുഷ്യൻ ഇപ്പോഴും ഹവ്വയും ഒത്തു  ഒളിച്ചുകളി  തുടരുന്നു.

Sunday, 7 July 2013

കസേര

ണ്ട് പണ്ട് അങ്ങ് അർഷേഷ്യ എന്ന സ്ഥലത്ത് സാത്വികരായ കുറേ മനുഷ്യർ താമസിച്ചിരുന്നു. അവർ തങ്ങളുടെ സാത്വികതയുടെ പ്രതീകമായി ഒരു മരം നട്ടു. ധ്യാനവും സംരക്ഷണവും ഒക്കെ ആയി അവർ മരത്തിന്റെ കൂടെ ചിലവിട്ടു. അങ്ങിനെ സാത്വികത പെരുമരമായി, ഫല വൃക്ഷമായി തണൽ മരമായി. തണലേറ്റും ഫലം ഭുജിച്ചും അവർ ജീവിച്ചു വന്നപ്പോൾ.. അവിടേക്ക് വഴി യാത്രക്കാരും കടന്നു വന്നു. സാത്വിക മരം ഇഷ്ടപെട്ട അവർ മരത്തിനെ ഉപദ്രവിക്കാതെ തന്നെ തണലേറ്റും ഫലം ഭുജിച്ചും ക്ഷീണം അകറ്റി.  അതിൽ കുറേ പേര് തിരിച്ചു പോയി.. കുറെ ഏറെ പേര് അതിനടിയിൽ കൂടി.. സാത്വികമായി തന്നെ ജീവിച്ചു. 

നട്ടവരും വന്നവരും കുടുംബങ്ങൾ പോലെ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞു. അതിൽ പിന്നെ അവർ പല ഗോത്രങ്ങളായി. അതിനിടെ അവിടെ ഒരു നായാട്ടു സംഘം വന്നു ചേർന്നു. മരം കണ്ടു വളരെ അധികം  ഭ്രമിച്ചു പോയ അവർ എങ്ങിനെ എങ്കിലും ആ മരം സ്വന്തമാക്കുവാൻ കൊതിച്ചു. മരത്തിന്റെ തൈ കൊണ്ട് പോയി നട്ടു നോക്കൂ എന്ന് സാത്വികർ പറഞ്ഞിട്ട് അത്രക്കൊന്നും മിനക്കെടാനോ കാത്തിരിക്കാനോ അവര്ക്ക് താല്പര്യം ഉണ്ടായിരുന്നില്ല. നായാട്ടുകാർക്ക്  ഒരിക്കലും സാത്വികരാകാൻ കഴിയില്ലെന്ന് സാത്വികർ ഒട്ടു മനസ്സിലാക്കിയും ഇല്ല. മരം സ്വന്തമാക്കിയാൽ പിന്നെ തൈ എന്തിനെന്നായിരുന്നു  അവർ സാത്വികരോട് ചോദിക്കാതെ ചോദിച്ച ചോദ്യം. അത് സാത്വികർ ഒട്ടു മനസ്സിലാക്കിയും ഇല്ല!

മരം ആയാൽ അത് സംരക്ഷിക്കപ്പെടെണ്ടാതാണെന്ന് അവർ തോക്ക് ചൂണ്ടി മരത്തിൽ ഇരുന്ന ഒരു കിളിയെ വെടി വെച്ചിട്ടുകൊണ്ട് പറഞ്ഞപ്പോൾ സാത്വികർക്ക് പിന്നെ ചോദ്യം ഉണ്ടായില്ല. വെടി ഒച്ച നിലക്കും മുമ്പ് അവർ മുള്ള് ചെടികൾ കൊണ്ട് അവിടെ വേലി  കെട്ടി തിരിച്ചു.  മരത്തിനു ചുറ്റും. ഇത്രനാളും വേലി ഉണ്ടായിരുന്നില്ലല്ലോ എന്നുള്ള ഏതോ ഒരു മുതിർന്ന സ്വാതികന്റെ ചോദ്യം അവർ ഉത്തരം ആക്കി. അതേ  മരം ആയാൽ വേലി വേണം.  

പിന്നെ വേലി വളർന്നു. വേലി വളരാൻ മരത്തിന്റെ അത്ര താമസം വേണ്ട എന്ന് ഗോത്രങ്ങൾക്കു അപ്പോഴാണ് മനസിലായത്. മരത്തെ ആദ്യം ഗോത്രങ്ങളിൽ നിന്ന് വേലി കെട്ടി തിരിച്ചു, പിന്നെ വേലി ഗോത്രങ്ങൾക്കിടയിലേക്ക് വളർന്നു. മരത്തിലേക്കും ഗോത്രങ്ങളിലേക്കും തങ്ങൾക്കു മാത്രം ആയി വഴി ഇടാൻ നായാട്ടുകാർ ഒട്ടു മറന്നുമില്ല!. ഗോത്രങ്ങളോ തങ്ങൾക്കു കിട്ടിയ വഴികളും അടച്ചു സ്വന്തമാക്കി തുടങ്ങി മരം പോയാലും വഴി  സ്വന്തം ആകട്ടെ  എന്ന് തീരുമാനിച്ചു മറ്റു ഗോത്രക്കാർ നടക്കാതിരിക്കുവാൻ! വളര്ത്തി വലുതാക്കിയ മരം കാണാതായപ്പോൾ അവരിലെ സ്വതികതയും മറന്നു തുടങ്ങി. അപ്പോഴേക്കും നായാട്ടുകാർ ബുദ്ധി ഉപയോഗിച്ച് തങ്ങളുടെ വഴി എല്ലാവർക്കും വേണ്ടി തുറന്നു കൊടുത്തു ഒരു ഔദാര്യം പോലെ. അവർ  സരവ സമ്മതരായി  മാറുവാൻ വേണ്ടി.  അപ്പോഴേക്കും വൈകി എങ്കിലും ഗോത്രങ്ങൾക്കു കാര്യം പിടികിട്ടി. അപ്പോഴേക്കും വേലികൾ വളര്ന്നു കഴിഞ്ഞിരുന്നു. വളര്ന്ന വേലികൾക്കിടയിലൂടെ  ഗോത്രങ്ങൾ തങ്ങളുടെ ആശങ്ക പങ്കു വച്ച്. മരം തങ്ങൾക്കു അന്യമാകുന്നു എന്ന് അവര്ക്ക് മനസ്സിലായി. ആശങ്ക ആവലാതി ആയി.

ഗോത്രങ്ങളെ അകറ്റാനായി മാത്രം കെട്ടി ഉയര്ത്തിയ വേലി തന്നെ ഗോത്രങ്ങളെ ഒന്നിപ്പിക്കുന്നു എന്ന് നായാട്ടുകാർ ബോധവാൻമാരായി. അതിനിടയിൽ ആശങ്കകൾ ആകുലതകളായി, ആകുലതകൾ സമരങ്ങളായി. സമരങ്ങളിൽ ഗോത്ര നേതാക്കൾ ഉയർന്നൂ വന്നു. സമരങ്ങൾ തീക്ഷ്ണങ്ങളായി. നില്ക്കക്കള്ളി ഇല്ലെന്നു കണ്ടപ്പോൾ നായാട്ടുകാർ ഉപായം ഇറക്കി. ഗോത്രങ്ങളെ ഉദ്ബുദ്ധരാക്കി. അവർ സൂത്രം പ്രയോഗിച്ചു മരം കിട്ടില്ല. തങ്ങൾക്കു കിട്ടാത്ത മരം ഇനി ഇവിടെ നില്ക്കുവാൻ പാടില്ല അവരും ഉപയോഗിക്കണ്ട. 

മരം നിങ്ങള്ക്ക് വിട്ടു തരാം അവർ പ്രഖ്യാപിച്ചു പക്ഷെ ആര്ക്ക്? കാറ്റ് വീശി മരം ആടി ഉലഞ്ഞു. മരത്തിന്റെ വേദന ആരും കണ്ടില്ല. വേദന കാണാതെ മരം കണ്ട നായാട്ടുകൾ അതും വിദ്യ യാക്കി.. അവർ ഗോത്ര തലവൻ മാരെ മാത്രം വിളിച്ചു വരുത്തി  നോക്കു മരം വല്ലാതെ ആടി ഉലയുന്നുണ്ട്. ഇനി ഈ മരം എന്തിനു? ഞങ്ങൾ നായാട്ടുകാർ ഞങ്ങളുടെ തോക്കിന്റെ ബലത്തിൽ മരം ഇത്ര കാലം ഞങ്ങൾ സംരക്ഷിച്ചു. ഇപ്പോൾ നിങ്ങൾ പറയുന്നു മരം ഞങ്ങൾ സ്വന്തം ആക്കി എന്ന്. മരം ഞങ്ങള്ക്ക് വേണ്ട. മരം തിരിച്ചു തരാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങള്ക്ക് നിങ്ങളുടെ സന്തോഷം മാത്രം മതി. മരം സംരക്ഷിക്കാം കഴിയും എന്ന് നിങ്ങള്ക് ഉറപ്പുണ്ടോ? വേണമെങ്ങിൽ ആ ഉറപ്പിനു വേണമെങ്കില നിങ്ങള്ക് ഞങ്ങളുടെ അറിവും  തരാം നായാട്ടിന്റെ മതം പകര്ത്തി തരാം. മറുപടി പറയാൻ തുടങ്ങുന്നതിനു മുമ്പ് അവൻ സമവാക്യം അവരുടെ മുന്നില് വച്ചു. നോക്കൂ നിങ്ങൾ ഗോത്ര തലവൻ മാര്. നാളെ നിങ്ങൾ വേണം ഈ ഗോത്രങ്ങൾ നോക്കാൻ ഈ മരം നോക്കാൻ അപ്പോൾ ഇപ്പോൾ നിങ്ങൾക്ക് വേണ്ടത് ഒരു കസേരയാണ്. എല്ലാ ആഡംബരതോടും ഇരുന്നു ഭരിക്കുവാൻ നല്ല ഉറപ്പുള്ള ഒരു കസേര. ഈ മരം മുറിച്ചാൽ അതിനുള്ള കസേര കിട്ടും ഈ മരത്തിന്റെ തടി ആയതു കൊണ്ട് നിങ്ങളുടെ കസേരക്ക് നല്ല ബലവും ഉറപ്പും പോരാത്തതിനു ഈ മരത്തിനോടുള്ള സ്നേഹവും ബഹുമാനവും കിട്ടും. നിങ്ങൾക്ക് വേണമെങ്കിൽ എത്ര വേണമെങ്കിലും പുതിയ മരവും നടാം. അതിന്റെ പേരും വിലയും നിങ്ങള്ക്ക് കിട്ടുകയും ചെയ്യും. ആരോ നട്ട ഈ മരം നമുക്ക് മുറിക്കാം മുറിച്ചു കസേര ആക്കം. ഗോത്രതലവാൻ മാര് പരസ്പരം നോക്കി. നായാട്ടുകാർ ഗോത്രതലവൻ മാരെ നോക്കി കണ്ണിറുക്കി. മരം വീണ്ടും ആടി ഉലഞ്ഞു. കഥ അറിയാതെ ഗോത്രങ്ങൾ എരിപിരി കൊണ്ടു. പെട്ടെന്ന് കൊടും കാറ്റടിച്ചു. മരം ആടി ഉലഞ്ഞു. നോക്കൂ മരം ഇതു നിമിഷവും പുഴുതുവീഴാം നിലം പൊത്താം.. അതിനു മുമ്പ് ഇത് മുറിച്ചു കസേര ആക്കാം. നിങ്ങൾ ഗോത്രങ്ങളോട് പറയൂ അവര്ക്ക് ആ കസേരയുടെ അടിയിൽ വിശ്രമിക്കാം, കസേര തൊട്ടു നോക്കാം. സ്ഥാനാരോഹണം ആഘോഷിക്കാം ഒരു ഉത്സവം ആയി കൊണ്ടാടാം ആനന്ദിക്കാം.. പിന്നെ ഗോത്ര നേതാക്കളുടെ ചെവിയിലായി പറഞ്ഞു പ്രലോഭിപ്പിക്കാം തിരഞ്ഞെടുപ്പ് നടത്തിക്കാം അവരെ കൊണ്ടു തന്നെ നിങ്ങളുടെ പേര് പറയിപ്പിക്കാം നിങ്ങൾ നിന്ന് കൊടുക്കുന്നു അവര്ക്ക് വേണ്ടി എന്നെ അവര്ക്ക് തോന്നാവൂ, അതിനു നിങ്ങളുടെ ആൾക്കാർ ഗോത്രതിലുണ്ടാവണം ഒരു സാധാരണ അംഗം പോലെ തിരിച്ചറിയാതെ. പക്ഷെ കസേര ഒരിക്കലും വിട്ടു കൊടുക്കരുത്. നിങ്ങൾ കാലാകാലം ഇരുന്നു ഭരിക്കണം മടുക്കുമ്പോൾ നിങ്ങളുടെ കാലശേഷം നിങ്ങളുടെ മക്കൾ കൊച്ചു മക്കൾ ചെറുമക്കൾ അവർ പരക്കമുട്ടുന്നതു വരെ നിങ്ങൾ നിശ്ചയിക്കുന്ന ഏതെങ്കിലും വിശ്വസ്തനായ കാര്യസ്ഥൻ.

പക്ഷെ എത്ര കസേര? അത് ചോദിച്ചതാരാണെന്നു പോലും നോക്കാതെ നായാട്ടുകാരൻ ചിരിച്ചു പിന്നെ  ഉത്തരം പറഞ്ഞു. നിങ്ങൾ എത്ര പേരോ അത്ര കസേരകൾ. ഗോത്ര തലവർ പൊട്ടി ചിരിച്ചു കൊണ്ടു എഴുന്നേറ്റു. കണ്ണുരുട്ടി ഗോത്രങ്ങൾക്കു നേരെ നോക്കി വേറെ ആരെങ്കിലും കസേരക്ക് അധികാരത്തിനു കണ്ണ് വയ്ക്കുന്നുണ്ടോ? ഗോത്രങ്ങൾ പേടിച്ചു തല കുനിച്ചു. യോഗം തീർന്നപ്പോൾ പാതിര, സമയം നോക്കിയില്ല ആദ്യ വെട്ടു എന്നൊന്നും ഉണ്ടായില്ല എല്ലാ വെട്ടും ആദ്യ വെട്ടായി കുറെ വെട്ടു ഗോത്രത്തിലെ അംഗങ്ങൾ; അവര്ക്കും കിട്ടി! കുറെ പേര് മരിച്ചു വീണു. വെട്ടു കഴിഞ്ഞപ്പോൾ തടി ആയി വീഴേണ്ട മരം വിറകായോ എന്ന് ചിലരെങ്കിലും സംശയിച്ചു. വിറകെങ്കിൽ വിറകു കസേര മതി! കസേരകൾ ഒരുങ്ങി. ആദ്യം തയ്യാറായ കസേര വലിച്ചിട്ടു ഒരു ഗോത്ര തലവൻ തന്റെ സ്ഥാനാരോഹണം പാതിരാത്രി തന്നെ നിർവഹിച്ചു. കസേര പണി വൈകിയാലും തന്റെ കസേര മറ്റു ഗോത്ര തലവനേതിനേക്കാൾ ഉറപ്പുണ്ടായിരിക്കണം എന്ന് വാശി കൂടിയ ഗോത്ര തലവന്റെ കസേര പിന്നെയും വൈകി ഒന്ന് രണ്ടു ദിവസം. അങ്ങിനെ രണ്ടു കസേരകൾ മരം നിന്ന സ്ഥലത്ത് ഉയര്ന്നു. പക്ഷെ മരം പോയിട്ടും വേലി പൊളിക്കാൻ ഗോത്രങ്ങൾ തയ്യാറായില്ല. മരം ഇല്ലാത്ത വേലി കടന്നു രണ്ടു ഗോത്ര നേതാക്കല്ക്ക് ബാക്കി വന്ന ഉണ്ടയും തോക്കും വീതം വച്ചു നായാട്ടുകാർ ബാക്കി വന്ന തടിയും ചില്ലയും വിറകും ആയി യാത്ര ആയി. ഗോത്രങ്ങൾ അപ്പോഴേക്കും സ്ഥാനാരോഹണം ആഘോഷിക്കുക ആയിരുന്നു കസേര ചുമന്നും കണ്ടും കസേരകൾ മോടി  പിടിപ്പിച്ചും. പിന്നെ അവിടെ ഒരു മരം കിളിച്ചിട്ടും ഇല്ല കസേര ഇപ്പോഴും ശക്തമായി നിലനില്കുന്നു. മരത്തിനേക്കാൾ ശക്തിയായി ആടി കൊണ്ടു മരം ഇല്ലാത്തതു കൊണ്ടു കാറ്റുള്ളപ്പോൾ ഗോത്രങ്ങൾ കസേരയിൽ പിടിച്ചു സ്വരക്ഷ തേടുന്നു. ഗോത്രങ്ങൾ മുറുകെ പിടിക്കുന്നത്‌ കൊണ്ടു എത്ര കാറ്റടിച്ചാലും സുരക്ഷിതമായി കസേര ഇന്നും ഏതു കാറ്റും അതി ജീവിച്ചു നിലനില്ക്കുന്നു
സാത്വികത നട്ട മരത്തിന്റെ തടി ആയതു കൊണ്ടു ഇന്നും കസേരകൾ  ദ്രവിക്കാതെ  നില്ക്കുന്നു. തണൽ തേടി ഇപ്പോഴും ഗോത്രങ്ങൾ കസേര ചുമക്കുന്നു ...


കഥയിൽ ഇല്ലാത്തതു

(അർഷേഷ്യ  ഇന്ന് ചരിത്രത്തിലില്ല എന്നോ ചരിത്രത്തോടൊപ്പം കടലെടുത്തു)

published in
നിശ്വാസം
byjunarayan.blogspot.ae  on 23 June 2013 

Thursday, 4 July 2013

വഞ്ചന


ഈ വൈകിയ വേളയിൽ.... ഞാൻ ആ സത്യം തിരിച്ചറിയുന്നു..
അവൾ എന്നെ വഞ്ചിക്കുകയായിരുന്നു.
അതെ അവൾ... എന്റെ പുഴ.. ഞാൻ ജീവന് തുല്യം സ്നേഹിച്ച എന്റെ പുഴ, എന്റെ മാത്രം പുഴ!
അവൾ എന്നെ വഞ്ചിക്കുകയായിരുന്നു.. ജീവന് തുല്യം നിന്നെ സ്നേഹിക്കുന്നെന്ന് കാതിൽ കെട്ടിപ്പിടിച്ചു പറയുമ്പോഴും അവളെന്നെ ചതിക്കുകയായിരുന്നു..

നിനക്കിഷ്ടം എന്നെയോ എന്നിലെ വെള്ളത്തെയോ അതോ അടിയിലെ മണലിനെയോ? എന്നവൾ കളിയായി ചോദിക്കുമ്പോഴും.. ഞാൻ എന്റെ മുഖം തോണി കൊണ്ട് മറച്ചു അവളുടെ മാറിൽ തുഴയെറിഞ്ഞ് പരിഭവം കാണിച്ചു.

അവൾ മുങ്ങി പൊങ്ങുമ്പോൾ എല്ലാം, അവൾ കുടിച്ച വെള്ളം കുടിച്ചു വറ്റിച്ചു.. അവളുടെ ജീവന് വേണ്ടി..

ആഴം കുറയുമ്പോൾ എല്ലാം അവളുടെ വയറിൽ പതിയെ തടവി ഇക്കിളി ഇട്ടു ചിരിപ്പിച്ചു, അവൾ ശർദ്ദിച്ച മണൽ അവളറിയാതെ കോരി കളഞ്ഞു വൃത്തി ആക്കി.. എന്നിട്ടും അവളെ രക്ഷിക്കാനായ്‌ പിടിച്ചു കെട്ടുമ്പോഴും എനിക്ക് അസുഖമൊന്നുമില്ല ഞാൻ രോഗിയല്ല ഞാൻ ഭ്രാന്തി യാണോ ഇങ്ങനെ പിടിച്ചു കെട്ടാൻ എന്ന് അവൾ അലറി കുതറുന്നുണ്ടായിരുന്നു.

പിന്നെ സമൂഹം ഇവൾക്ക് ഭ്രാന്താണെന്ന് വിധി എഴുതുമ്പോഴും.. ഇനി അധികം ആയുസ്സില്ലെന്ന് അടക്കം പറയുമ്പോഴും അവൾ പൊട്ടി കരഞ്ഞു എന്നെ കെട്ടിപ്പിടിച്ചു.. എന്നെ വിട്ടു കൊടുക്കല്ലേ എന്നെ കൊണ്ട് പോകരുതെന്ന് പറയൂ.....എന്ന് പറഞ്ഞു അവൾ അലമുറ ഇട്ടു.

അവസാനം അവളുടെ കരവലയത്തിൽ വീണുറങ്ങുമ്പോൾ അവളുടെ ഏങ്ങലുകൾക്ക്, അവളുടെ വീർപ്പുമുട്ടലുകൾക്ക് ഒരു ആശ്വാസം പോലെ അവളിൽ പറ്റിച്ചേർന്നു കിടന്നു..

എത്രനേരം  അങ്ങനെ കിടന്നു എന്നോർമയില്ല..

അബോധത്തിനും മരണത്തിനും ഇടയിലെ നേർത്തനിമിഷങ്ങൾക്കിടയിൽ. കണ്‍പോള ബലമായി തുറക്കാൻ ശ്രമിക്കുമ്പോൾ അറിയാത്ത കടൽക്കരയിലെത്തിയിരുന്നു!

ജീവനുണ്ടോ എന്ന് സ്വയം നോക്കാൻ നീട്ടിയ കയ്യിൽ അവളുടെ തണുത്ത വിറങ്ങലിച്ച ശരീരം!.. അപ്പോഴും അവൾ എന്നെ ഇറുകെ പുണർന്നിരുന്നു... അവളെപ്പോഴോ മരിച്ചിരുന്നു!.. മരണത്തിലും അവൾ എന്നെ കൈവിട്ടിരുന്നില്ല! മരണത്തിനു മുമ്പേ ഞാൻ അവളെ കൈവിട്ടല്ലോ എന്ന് ഓർക്കുന്നതിനിടയിൽ  ബാലിക്കാക്കയും കടൽക്കാക്കകളും കർമങ്ങൾക്ക് തിരക്ക് കൂട്ടുന്നത്‌ ഞാൻ അറിഞ്ഞു.

അവനോ, അവൾക്കോ ആദ്യം ശ്രാദ്ധം എന്ന് അവർ തർക്കിക്കുമ്പോൾ.. ആരോ ആ സംശയം ഉയർത്തി.. ചടങ്ങ് നടത്താൻ വരട്ടെ. കൊന്നത് അവനോ?   അതോ... അവളോ?


published in
നിശ്വാസം
byjunarayan.blogspot.ae  on 08 June 2013 

സ്വാതന്ത്ര്യ ദിനം

രത് വലിയ ആശ്വാസത്തിലായിരുന്നു, അവന്റെ പതിനഞ്ചാം പിറന്നാളാണ് ഇന്ന് . സാധാരണ ഉറക്കം എഴുന്നേൽക്കാനുള്ള രാവിലത്തെ അലാറം കേൾക്കുമ്പോൾ അവൻ പിറുപിറുക്കാര് "നാശം" എന്നാണ്. പലപ്പോഴും അവനു തോന്നിയിട്ടുണ്ട്.. തന്റെ ജീവിതവും ഇങ്ങനെ ആയതു.. രാവിലെ അറിയാതെ എങ്കിലും തന്റെ നാവിൻ തുമ്പിൽ നിന്നും വരുന്ന ഈ ശാപവാക്കു കൊണ്ടാണോ? എങ്ങിനെ തോന്നാതിരിക്കും.. കൂട്ടുകാര് പറയും എടാ ഭരത്തേ നീ ഭാഗ്യവാനാടാ, അനാഥാലയത്തിൽ ആണെങ്കിലും നീ ഒരു ഭാരതം അല്ലേടാ, ഭൂപടം ഇല്ലാത്ത ഒരു കൊച്ചു ഇന്ത്യ, ഭൂപടം ഇല്ലെങ്കിലും നീ കൊടുത്ത മാപ്പുള്ള സ്വന്തമായി ഒരു അമ്മയുള്ള ഒരു കൊച്ചു അനാഥൻ, സ്വതന്ത്ര അനാഥൻ! അത് കേൾക്കുമ്പോൾ അവനു സങ്കടം ആണോ സന്തോഷം ആണോ അഭിമാനം ആണോ അപമാനം ആണോ അവനു അത് ഇതു വരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല, അല്ലെങ്കിൽ തന്നെ തനിക്കു അങ്ങിനെ എന്തെങ്കിലും വികാരമുണ്ടോ? അടികിട്ടുമ്പോഴും ക്ലാസ്സിൽ നിന്നും ഇറക്കി വിടുമ്പോഴും അദ്ധ്യാപകർ ശകാരിക്കാറുണ്ട്, "ഇവൻ എന്തൊരു ജീവി ഒരു നാണവും മാനവും ഇല്ലല്ലോ! എത്ര കിട്ടിയിട്ടും" എന്ന് . ശരിയാണ് അവനുള്ള ഒരേ ഒരു വികാരം ..ആശ്വാസം... അതാണ് എന്തിലും കണ്ടെത്തുന്ന ആശ്വാസം. അനാഥൻ എന്നാ അനുകമ്പയുടെ ആശ്വാസം, അനാഥൻ ആയിട്ടും അമ്മ ഉള്ളതിന്റെ ആശ്വാസം.സ്വന്തം ജന്മ ദിനം ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം കൂടി ആണല്ലോ എന്ന് ഓർക്കുമ്പോഴും ഓർമിപ്പിക്കുമ്പോഴും തോന്നുന്ന അഭിമാനത്തിന്റെ ആശ്വാസം. ഇതെല്ലാം ആയിട്ടും തനിക്കു സന്തോഷവും സ്നേഹവും സ്വാതന്ത്ര്യവും ഇല്ലല്ലോ എന്നുള്ള സങ്കടത്തിലും... ആശ്വാസം.

അതും ആശ്വാസം തന്നെ! ഇന്ന് അവധി ആണല്ലോ.. രാവിലെ സ്വാതന്ത്ര്യ ദിന ചടങ്ങുകൾ ഉണ്ടാവും. അതിനു മുമ്പ് അനാഥാലയത്തിലെ പതിവ് പ്രാർഥനയും കേക്ക് മുറിക്കലും. അവൻ ചിന്തയിലായിരുന്നു രാവിലത്തെ പ്രാർത്ഥനയിലും! പ്രാർത്ഥന കഴിഞ്ഞു.. എല്ലാവരും പ്രാർഥനാ മുറിയിൽ നിന്ന് വരി വരിയായ് പുറത്തേക്കു നടന്നപ്പോഴാണ് അവൻ തന്റെ ചിന്തയിൽ നിന്നുണർന്നത്‌. ഭക്ഷണം കഴിക്കുവാൻ മറ്റുകുട്ടികളോടൊപ്പം ഭക്ഷണ ശാലയിലേക്ക് നടക്കുമ്പോൾ സുഹൃത്തുക്കൾ അവനെ ജന്മദിനാശംസകൾ കൊണ്ട് വീര്പ്പു മുട്ടിക്കുകയായിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ ജനിച്ചത്‌ കൊണ്ടുള്ള ഓര്മയുടെ ഒരു ഔദാര്യം! അവൻ ഓർത്തു. തന്റെ പേര് പോലെ തന്നെ! തന്റെ പേര് പോലും ഒരു ഔദാര്യവും ദാനവും ആണല്ലോ തന്റെ ജന്മം പോലെ! തന്റെ സ്നേഹമയിയായ അമ്മയുടെ സ്നേഹത്തിന്റെ ഔദാര്യം പോലെ! മറ്റൊരു വിവാഹം കഴിക്കുവാൻ മനസ്സില്ലാമനസ്സോടെയാണ് തന്നെ പോലെ തന്നെ അനാഥയായ അമ്മ തന്നെ ഇവിടെ കൊണ്ട് വിട്ടതെന്ന് അനാഥാലയത്തിലെ സിസ്റ്റർ നിർമല അവനു അമ്മ കൊണ്ട് കൊടുക്കാറുള്ള വിലയേറിയ സമ്മാനങ്ങൾ കൈമാറുമ്പോൾ ഓര്മിപ്പിക്കാരുണ്ടായിരുന്നു! എന്നാലും അമ്മ ഇന്ന് സനാഥ ആണല്ലോ അവൻ ആശ്വസിക്കാറുണ്ടായിരുന്നു! സ്വന്തമായി തന്നെ ഭർത്താവുംകുട്ടികളും ഉള്ള സനാഥ!
ഭക്ഷണം കഴിക്കുവാനുള്ള ഹാളിൽ വച്ചിരുന്ന റേഡിയോ ചിലച്ചു കൊണ്ടേയിരുന്നു. സാരോപദേശം എന്ന പരിപാടിയുടെ അറിയിപ്പ് വന്നപ്പോൾ സമയം 6.30 ആയല്ലോ എന്നവൻ ഓർത്തു. ഭക്ഷണം കഴിക്കുന്നതിനിടയിലും അവൻ ചിന്തയിലായിരുന്നു. ചിലപ്പോൾ അവനു തന്നെ തോന്നാറുണ്ട് തന്നെ പോലെ തന്നെ തന്റെ ചിന്തകളും അനാഥമാണല്ലോ!
കഥയുടെ പേരാണ് അവനെ ചിന്തയിൽ നിന്നുനര്ത്തിയത് "അമ്മയുടെ ത്യാഗം സ്നേഹ പൂർണം"
മഹാനായ സോളമന്റെ  ബുദ്ധിയുടെയും ധർമത്തിന്റെയും കഥ ആയിരുന്നു. കഥയുടെ മുഖവുരയിൽ തന്നെ സോളമനെ കുറിച്ച് പറഞ്ഞപ്പോൾ  മറ്റൊരു ധര്മിഷ്ടനായ ശിബി ചക്രവർത്തിയുടെ  ത്യാഗത്തിന്റെ കഥ അവനു ഓര്മ വന്നു, പക്ഷിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മാംസം ചോദിച്ചു ചക്രവര്ത്തിയുടെ ത്യാഗം പരീക്ഷിച്ച കഥ. അതിൽ ശിബി ചക്രവര്ത്തി ത്യഗതോടൊപ്പം ധാര്മികനായി ജയിക്കുന്ന കഥ. പക്ഷെ ഈ കഥ അവൻ കേട്ടിട്ടുണ്ടായിരുന്നില്ല, അത് കൊണ്ട് അത് ശ്രദ്ദിക്കണം എന്ന് തോന്നി. വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് അതിലും ചുരുങ്ങിയ സമയത്തിനുള്ളിൽ പറഞ്ഞു തീര്ന്ന ആ കഥ തീര്ന്നിട്ടും അവന്റെ മനസ്സില് അത് തികട്ടി തികട്ടി വന്നു. അതെ അത് അമ്മയുടെ സ്നേഹത്തിന്റെ കഥയാണ് സ്നേഹതിനെക്കാൾ ഉപരി അതിനു മുകളിൽ നില്ക്കുന്ന ത്യാഗത്തിന്റെ കഥ. ഒരു കൈക്കുഞ്ഞിന്റെ അമ്മയാണെന്ന അവകാശ വാദവുമായി രണ്ടു സ്ത്രീകൾ  സോളമന്റെ  മുന്നിൽ കുട്ടിയും ആയി എത്തുന്ന കഥ. അവസാനം  സോളമന്റെ  ബുദ്ധിയുടെ മുമ്പിൽ ത്യഗത്തോടൊപ്പം കുട്ടിയെ തിരികെ യഥാര്ത അമ്മക്ക് തിരികെ കിട്ടുന്ന കഥ! കുട്ടിയെ ജീവനോടെ മുറിച്ചു പകുത്തു തരാം എന്ന് പറയുമ്പോൾ അത് കേട്ട പാതി കേള്ക്കാത്ത പാതി അതിനു സന്തോഷത്തോടെ സമ്മതം മൂളുന്ന വ്യാജ അമ്മയുടെ കഥ! ആ ചോദ്യം കേട്ട് ഞെട്ടി വേണ്ട കുഞ്ഞിനെ മുറിച്ചു ആ  കുഞ്ഞിനെ എനിക്ക് വേണ്ട അവനു നോവേണ്ട അവനെ വേദനിപ്പിക്കാതെ കൊല്ലാതെ മറ്റേ സ്ത്രീക്ക് വിട്ടുകൊടുക്കുവാൻ ഒരു ആലോചനയും കൂടാതെ സമ്മതിക്കേണ്ടി വന്ന ഒരു യഥാര്ത അമ്മയുടെ ത്യാഗത്തിന്റെ കഥ. സോളമന്റെ മഹത്വം കൊണ്ടും ബുദ്ധി വൈഭവം കൊണ്ടും സ്വന്തം കുട്ടിയെ സുരക്ഷിതമായി സ്വന്തം അമ്മയ്ക്ക് തന്നെ കിട്ടുന്ന ശുഭപര്യവസായി ആയ സത്യത്തിന്റെ കഥ. അമ്മയുടെ യഥാര്ത സ്നേഹം ഓർക്കുന്നതിനിടയിലാണ് കഥ കഴിഞ്ഞു റേഡിയോ സ്വാതന്ത്ര്യ ദിനത്തിന്റെ മഹത്വത്തിലേക്ക് കടന്നത്‌. സ്വതന്ത്ര്യത്തോടനുബന്ധിച്ചാണ് ഭാരതം വിഭജിക്കപ്പെട്ടതെന്നു കേട്ടപ്പോൾ, അവനു ഓര്മ വന്നത് കുട്ടിയെ മുറിക്കേണ്ട എന്ന് പറഞ്ഞു ആ സന്തോഷവും അമ്മയുടെ സ്വാതന്ത്ര്യവും വേണ്ടെന്നു വച്ച അമ്മയുടെ ചിത്രമാണ്. സ്വാതന്ത്ര്യം എന്ന അധികാരത്തിനു വേണ്ടി വെട്ടി മുറിക്കപ്പെട്ട ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോഷത്തിനോട് വെട്ടി മുറിക്ക പ്പെടേണ്ട കേക്കിനോടെന്ന പോലെ ഒരു വെറുപ്പ്‌ അവനു തോന്നി. മുറിക്കാൻ അലങ്കരിച്ചു വച്ചിരുന്ന കേക്ക് കണ്ടപ്പോൾ അവൻ വേറെ ഒന്നും ഓര്ത്തില്ല. അത് എടുത്തു ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു അവന്റെ കട്ടിലിലേക്ക് ഓടുമ്പോൾ അത് ആഘോഷത്തിന്റെ ഭാഗമായുള്ള അവന്റെ ഒരു വല്യ കുസൃതി ആന്നെന്നു വിചാരിച്ചു ഹാപ്പി ഇന്ടിപ്പെന്ടെൻസ് ബര്ത്ഡേ പാടി അവന്റെ പിറകെ ഓടുകയായിരുന്നു അവന്റെ കൂട്ടുകാർ.

അപ്പോൾ മുറിച്ചിട്ട ഒരു വാൽ താഴെ കിടന്നു പിടക്കുമ്പോഴും അതിലും ശക്തിയായി ഇടിക്കുന്ന ഒരു ഹൃദയം  ഉള്ളിലൊതുക്കി നിറവയറുള്ള  ഒരു പല്ലി മച്ചിൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു.


published in
നിശ്വാസം
byjunarayan.blogspot.ae  on 30/06/2013 

Saturday, 22 June 2013

പ്രളയം


ഭൂമിയിൽ കണ്ണുനീർ പ്രളയം ഈശ്വർ ഞെട്ടി തന്റെ വിഗ്രഹങ്ങൾ പലതും ഒലിച്ചു പോകുന്നു. സർവ്വം സഹയായ തന്റെ ഭൂമിക്കും കണ്ണുനീർ. അതും വെറും തുള്ളികളല്ല സർവ നാശം വിതച്ചു പ്രളയം തന്നെ.
ഈശ്വർ തന്റെ കണ്ണിലേക്കു നോക്കി താൻ എന്താണിത് കാണാതിരുന്നത്. ഈശ്വർ ഞെട്ടി! തന്റെ കണ്ണുകൾ അവിടെ കാണാനില്ല. ഉടനെ ഭൂമിയിൽ ഒഴുകുന്ന കണ്ണീരിന്റെ സാമ്പിൾ എടുപ്പിച്ചു ഡി എൻ എ ടെസ്റ്റു നടത്തി
ഈശ്വർ വീണ്ടും ഞെട്ടി! അതെ തന്റെ അതെ ഘടന തന്റെ തന്നെ കണ്ണുകളും കണ്ണുനീരും അതെ അത് ഭൂമി ചൂഴ്ന്നെടുത്തിരുന്നു, കണ്ണീരു പോലും ബാക്കി വയ്ക്കാതെ..
മക്കൾക്ക്‌ കാഴ്ചയില്ല അവര്ക്ക് കാഴ്ചക്ക് വേണ്ടി കണ്ണുകൾ കൊടുക്കണം എന്ന് യുഗങ്ങൾക്കു മുമ്പ് ഭൂമി പറഞ്ഞത് ഈശ്വർ ഓർക്കാൻ ശ്രമിച്ചു. ഈശ്വർ ഓർമയിലേക്ക്‌ പോയി..

ഈശ്വർ വീണ്ടും ഞെട്ടി! ഒന്നും ഓർക്കാൻ കഴിയുന്നില്ല എവിടെ തന്റെ ഓർമ? മക്കൾക്ക്‌ തീരെ ഓർമ ഇല്ല അവര്ക്ക് വേണ്ട ഓർമ കൊടുക്കണം എന്ന് ഓര്മക്ക് വേണ്ടി താൻ കൊടുത്ത ബ്രഹ്മിയുടെ ഇല കടിച്ചു ഭൂമി പറഞ്ഞത് ഈശ്വർ അവ്യകതമായ് ഓർത്തു.. ഒരു ചെറിയ ഡയറിയിൽ അന്ന് ചെയ്യേണ്ട കാര്യങ്ങളുടെ കൂട്ടത്തിൽ എഴുതിയതായി ഒരു ചെറിയ ഒരു ഓർമ..

ഈശ്വർ പെട്ടെന്ന് വിളിച്ചൂ ഭൂമി.. ഈശ്വർ വീണ്ടും ഞെട്ടി ത്തരിച്ചു! എവിടെ തന്റെ നാവു? മക്കൾ ഊമയാണ് അവര്ക്ക് സംസാരിക്കാൻ നാവു വേണമെന്ന് ഭൂമി പറഞ്ഞിരുന്നു.

പക്വത വരട്ടെ നമ്മുക്ക് മക്കൾ ഉടനെ വേണ്ട എന്ന് പറഞ്ഞതിന് പിണങ്ങി പോയ ഭൂമി പല ആവശ്യങ്ങൾ പറഞ്ഞു വരുമ്പോൾ എല്ലാം ശരി ആക്കുവാനുള്ള ബദ്ധപാടിലായിരുന്നു ഈശ്വർ.

ഇത്ര മക്കൾ? ഇനിയും? താൻ ഒരിക്കൽ ചോദിക്കേണ്ടി വന്നു അവൾ പറഞ്ഞു നിങ്ങൾ ആദ്യം അമ്മ ആകാനുള്ള എന്റെ ആഗ്രഹം പറഞ്ഞപ്പോൾ അന്ന് ചോദിച്ചു ഇപ്പൊ വേണോ? എന്താ ഉടനെ?.. ദാ ഇപ്പൊ ചോദിക്കുന്നു എന്തിനു ഇത്ര മക്കൾ എന്ന്? എന്താ ഈ ആണുങ്ങൾ ഇങ്ങനെ? ദൈവത്തിന്റെ സ്വഭാവം എന്ന് കരുതിയാണ് നിങ്ങളെ വിവാഹം കഴിച്ചത് എന്നിട്ട് ഒരു വരം പോലെ എങ്കിലും എന്തെങ്കിലും ചോദിക്കുമ്പോൾ ഒരു കാര്യവും തരാതെ എന്താ ഈ ഒഴിഞ്ഞു മാറൽ?

പിന്നെ ഈശ്വർ ഒന്നും മിണ്ടിയില്ല. ചോദിക്കുന്നവരോടൊക്കെ ഭൂമിയുടെ ഉത്തരം ഈശ്വർ കേട്ടു... ദൈവം തരുന്നു.. നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. അല്ലാതെന്താ? അല്ലെങ്കിലും ഒരു വീടായാൽ കുറെ കുട്ടികൾ വേണം. എപ്പൊഴും സ്നേഹിക്കുവാൻ ഒരു കൈകുഞ്ഞു! പല്ലില്ലാത്ത ആ ചിരി കാണാൻ ആ കുഞ്ഞിനു പാലൂട്ടാൻ ഒക്കത്തെടുക്കാൻ ഏതൊരു അമ്മയ്ക്കും ഇല്ലേ ആഗ്രഹങ്ങൾ?
ഈശ്വർ ഒന്നും മിണ്ടിയില്ല പ്രണയിച്ചാണ് വിവാഹം കഴിച്ചത് അത്ര ഏറെ ഭൂമിയെ താൻ സ്നേഹിച്ചിട്ടുണ്ട്. ആ പ്രകൃതിയെ! ഇപ്പൊ സ്ത്രീത്വം മറന്നു മാതൃത്വം അവൾ രണ്ടു കൈ കൊണ്ട് സ്വീകരിക്കുമ്പോഴും അയാള് സന്തോഷിച്ചു സ്ത്രീ ആയാൽ അങ്ങിനെ വേണം. സ്ത്രീയേക്കാൾ എത്രയോ വലുതാണ്‌ അമ്മയുടെ സ്ഥാനം അയാൾ നെടുവീർപ്പിട്ടു.

കുട്ടികളായപ്പോൾ ഭൂമി തന്നെ മറക്കുന്നെന്നുള്ള ഒരു തോന്നൽ ഈശ്വറിനു ഉണ്ടായിരുന്നു. വെറുതെ തോന്നുന്നതാവും തന്റെ അല്ലെ കുട്ടികൾ? ഒരു അമ്മയുടെ സ്വാതന്ത്ര്യം അല്ലെ അതൊക്കെ?

മക്കളുടെ ഓരോ ആവശ്യത്തിനു വേണ്ടി മാത്രം തന്നെ ഓർത്തു തന്റെ അടുത്ത് എത്തിയിരുന്ന ഭൂമി. മക്കൾക്ക്‌ എല്ലാം ആയപ്പോഴും എല്ലാം തികഞ്ഞെപ്പോഴും.. എന്നിട്ട് പോലും ഇനിയും അവരെ വിട്ടു പിരിയാൻ വയ്യ! എന്ന് തന്റെ മുഖത്ത് നോക്കി പറഞ്ഞ ഭൂമി! താൻ സ്നേഹിച്ച ഭാര്യ.

ഈശ്വർ ഓർത്തു തന്റെ ഓർമ മുഴുവൻ കൊടുക്കാതിരുന്നത് നന്നായി. കുറച്ചു അന്ന് മാറ്റി വച്ചത് കൊണ്ട് തനിക്കു പഴയ കാര്യങ്ങൾ കുറച്ചെങ്കിലും ഓർക്കാൻ കഴിയുന്നുണ്ട്. ഓര്മ മുഴുവൻ കൊടുക്കാതിരുന്നതിനു ഭൂമി ഒരാഴ്ച തന്നോട് പിണങ്ങി നടന്നത് ഈശ്വർ ഓർത്തു. അവര്ക്ക് എല്ലാ കാര്യങ്ങളും ഓർക്കാൻ കഴിയുന്നില്ല എന്ന് ഓർമ കൊടുത്തിട്ടും പലപ്പോഴും പരാതി പറയുമായിരുന്നു ഭൂമി.

ഈശ്വർ ഓർത്തു ആദ്യമായി ഭൂമി തന്നെ തടഞ്ഞ ദിവസം. ഭൂമിയേയും മക്കളെയും കാണാൻ ഓടി ചെന്ന ദിവസം. എനിക്ക് മക്കളെ മനുഷ്യരെ പോലെ വളർത്തണം. നിങ്ങളുടെ ദൈവീക ഗുണം അതിനു അവര്ക്ക് ഒരു തടസ്സമാകരുത്. നിങ്ങൾ ദൈവീക ഗുണം അവിടെ സ്വര്ഗത്ത്‌ സൂക്ഷിച്ചോളൂ. എല്ലാം ദാനവും ചെയ്തു പുണ്യവും നേടി.. ഭൂമി പറഞ്ഞു കൊണ്ടിരുന്നു. ഭൂമിയും മക്കളെയും കാണാതെ പാറയിലും ഗുഹയിലും ഒളിച്ചിരുന്ന ദിവസങ്ങൾ. അന്നൊക്കെ മക്കളെ കാത്തിരുന്ന ദിവസങ്ങളിൽ അച്ഛനെ കാണണമെങ്കിൽ മക്കളോട് പൂജിക്കാൻ പറയുമായിരുന്നു ഭൂമി.

ഭക്ഷണവും വെള്ളവും നൈവേദ്യം എന്ന പേരിൽ മക്കളുടെ കയ്യിൽ പൂജയുടെ ഭാഗമായി കൊടുത്തു വിട്ടിരുന്നു. അത് മക്കൾ കാണാതെ രഹസ്യമായി കഴിച്ചു... ഭൂമിയും മക്കളും കാണാതെ അവരെ ഒളിച്ചിരുന്നും കണ്ടു. പൂജിച്ചാൽ നേദിച്ചാൽ ആരാധിച്ചാൽ അച്ഛൻ വരുമെന്നും അപ്പോൾ കാണാമെന്നും മക്കൾക്ക്‌ പറഞ്ഞു കൊടുത്തിരുന്നു ഭൂമി. പക്ഷെ രഹസ്യമായി സ്വകാര്യം പറഞ്ഞു വേണ്ട നിങ്ങൾ വരണ്ട.. വന്നാൽ പിന്നെ അവർ പഠിക്കാൻ മറക്കും, കളി ആകും, അച്ഛൻ ഇനി പോകേണ്ട.. എന്ന് പറഞ്ഞു വാശി കൂടും.. അവരെ മനുഷ്യരായി വളർത്താൻ പറ്റില്ല. അത് കൊണ്ട് അവർ എത്ര വിളിച്ചാലും നിങ്ങൾ വരണ്ട!

അങ്ങിനെ മറഞ്ഞിരുന്നു മറഞ്ഞിരുന്നു മക്കൾക്ക്‌ താൻ മറവി ആയി, അവര്ക്ക് അച്ഛൻ വെറും ഒരു പാറ മാത്രമായി. പൂജിക്കുവാനുള്ള പാറ! അങ്ങിനെ അവർ പാറയെ പൂജിച്ചു. അച്ഛൻ എന്നെങ്കിലും വരുമെന്ന് കരുതി അവർ പാറയെ പൂജിച്ചു കൊണ്ടിരുന്നു, അധികം  പാർശ്വ ഫലം  ഇല്ലാത്ത ഒരു പ്രവർത്തി എന്ന നിലയില ഭൂമി അതിനെ തടയാനും പോയില്ല, താൻ ചെയ്യാത്ത ഒരു നല്ല കാര്യം മക്കൾ എങ്കിലും ചെയ്യുന്നുണ്ടല്ലോ എന്നുള്ള ആശ്വാസം കൂടി തോന്നികയും ചെയ്തിരുന്നോ!  വലിയ പാറ ക്രമേണ പൂജിക്കുവാനുള്ള സൌകര്യത്തിനു പിന്നെ അത് പൊട്ടിച്ചു പലരായി കൊണ്ട് പോയി, പിന്നെയും പൂജിച്ചു! പൂജിക്കാനുള്ള സൌകര്യത്തിനു അത് ചെറുതാക്കി വിഗ്രഹങ്ങളാക്കി.  അച്ഛന്റെ രൂപം കൊത്തിയ വിഗ്രഹം! ചില മക്കൾ അമ്മയുടെയും രൂപം കൊത്തി. അമ്മയെ കാണാമെങ്കിലും കൂടെ ഉണ്ടെങ്കിലും വിഗ്രഹം ആയി ആരാധിച്ചു തുടങ്ങി. അമ്മക്കൊരു പിണക്കവും വേണ്ട എത്ര ആയാലും ഈ പൂജ കണ്ടു അമ്മയ്ക്കും പൂജിക്ക പ്പെടാൻ ഒരു ആഗ്രഹവും അതോടൊപ്പം അവകാശവും ഉണ്ടെന്നു അവര്ക്ക് തോന്നി. അമ്മക്ക് വയസ്സായില്ലേ എന്ന് പറഞ്ഞായിരുന്നു ചിലരുടെ വിഗ്രഹാരാധന. അതിൽ അടങ്ങിയ ദുസ്സൂചന ഭൂമി തന്റെ മക്കളുടെ  പൂജയിൽ സംപ്രീതയായി മനസ്സിലാക്കിയും ഇല്ല.  പിന്നെ വിഗ്രഹത്തിനും പൂജക്കും സ്ഥലത്തിനും വേണ്ടി ആയി മക്കളായ മനുഷ്യര് തമ്മിൽ അടി.പക്ഷെ കാലക്രമത്തിൽ പൂജ ചെയ്തിട്ടും അച്ഛനെ കാണാതായപ്പോൾ അവരിൽ പലരും മടുത്തു തുടങ്ങി. പൂജ ശരി ആകഞ്ഞിട്ടാണോ പൂജ ചെയ്ത ആളിന്റെ കുഴപ്പം ആണോ എന്നൊക്കെ പല സംശയങ്ങളായി പൂജ തന്നെ വേണോ എന്നായി ചിലർ! തർക്കങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചു.. കൊന്നവർക്കു മരിച്ചവർ വെറും ബലി ആയി ആത്മ ബലിയോ നരബലിയോ! അതും പൂജയുടെ ഭാഗമാക്കി ചിലർ രക്തം ചീന്തുമ്പോൾ മറഞ്ഞിരിക്കാൻ കഴിയാതെ അറിയാതെ തലനീട്ടിയോ അത് ആരെങ്കിലും കണ്ടുവോ? അത് ബലികൾക്ക് സാധുത നല്കിയോ ഒന്നും അറിയാതെ ഈശ്വർ യുഗങ്ങൾ തള്ളി നീക്കി!  കുറെ പേര് പൂജയും വിഗ്രഹവും ഉപേക്ഷിച്ചു.. ഇനി പൂജിക്കില്ല അവർ ഞങ്ങളുടെ മനസ്സിലുണ്ടെന്ന് പറഞ്ഞു... മറ്റുള്ളവര വിഗ്രഹം ഇല്ലാതെ പൂജിച്ചു അങ്ങിനെ പല വഴിക്കായി മക്കൾ. ഭൂമി ഇതൊക്കെ കണ്ടില്ലെന്നു നടിച്ചു. അവരെ മനുഷ്യരാക്കി വളർത്തുമെന്ന വാശി വച്ച് അതൊന്നും തന്നോട് പറയാതിരുന്നു. പറഞ്ഞാൽ ഞാൻ കുറ്റ പ്പെടുത്തുമോ എന്ന പേടി ആയിരിക്കും എന്നാണ് കരുതിയത്‌. പക്ഷെ വൈകിയാണ് ആ സത്യം ഈശ്വർ തന്നെ തിരിച്ചറിഞ്ഞത്
കാഴ്ചയും നാവും ഓര്മയും ഇല്ലാത്ത തന്നോട് പറഞ്ഞിട്ടെന്തു കാര്യം?

അപ്പോഴേക്കും പിതാവിൽ നിന്നും മക്കളെ അകറ്റിയത് തെറ്റായി പോയെന്നു ഭൂമിക്കു മനസ്സിലായി തുടങ്ങിയിരുന്നു. അവസാനം ഭൂമി തന്നെ ഉപായം കണ്ടുപിടിച്ചു. മക്കളെ മനുഷ്യരായി വളർത്തിയത്‌ തെറ്റായി പോയി. നിങ്ങളും ദൈവങ്ങളാകൂ.. അച്ഛനെ പോലെ ഈശ്വറിനെ പോലെ.. അപ്പോഴേക്കും ഒരു പാട് വൈകിയിരുന്നു. പക്ഷെ എന്നിട്ടും അമ്മ പറഞ്ഞതനുസരിച്ച് അമ്മയും മക്കളും ദൈവങ്ങളായി. അതെ മനുഷ്യ ദൈവങ്ങൾ.

അപ്പോൾ താൻ ശരിക്കും സന്തോഷിച്ചു ഭൂമി തെറ്റ് തിരിച്ചറിഞ്ഞല്ലോ ദൈവിക ഗുണം അവൾ അഗീകരിച്ചല്ലോ. പക്ഷെ അത് കൂടുതൽ കുഴപ്പങ്ങളിലേക്ക് നയിച്ചു മനുഷ്യ ദൈവങ്ങൾ അവരുടെ മനുഷ്യത്വം കാണിച്ചു ദൈവീകതയോടൊപ്പം.കൂടുതൽ  ദിവ്യത്വതിനു വേണ്ടി മനുഷ്യര് അധികം കടക്കാത്ത സ്ഥലങ്ങളിലേക്ക് കടക്കണം എന്ന് തോന്നി. ഏകാന്തത അവര്ക്ക് കൂടുതൽ ദിവ്യത്വം കൊടുത്തു അത് ദ്യാനമായി. അത് കൂടുതൽ ദൈവത്തിലേക്ക് അടുപ്പിച്ചു. ഭൂമി സന്തോഷിച്ചു ഈശ്വറിനു ഇല്ലാത്ത മനുഷ്യത്വം എനിക്ക് എന്റെ മക്കൾക്ക്‌ കൊടുക്കുവാനായി. അതോടൊപ്പം ഈശ്വറിന്റെ ദൈവത്വവും മക്കൾ സമ്പാദിച്ചിരിക്കുന്നു.. ഞാൻ കൂടുതൽ ജയിച്ചിരിക്കുന്നു. എന്റെ വാശി ശരി ആണെന്ന് കാലം തെളിയിച്ചിരിക്കുന്നു.  മക്കൾ ദൈവം ആയപ്പോൾ ദൈവം അരൂപി ആയി കഴിഞ്ഞിരുന്ന ഹിമ ശൈലങ്ങളിൽ ദൈവരൂപം പൂണ്ട അവര്ക്കും ചെല്ലണം എന്ന് തോന്നി. ഈശ്വറും താനും പ്രണയിച്ച ഹിമാശൈലം ഒരു പ്രായശ്ചിത്തം പോലെ എങ്കിലും ഒരിക്കൽ കൂടി കാണണം എന്ന് ഭൂമിക്കു തോന്നി അത് മക്കൾക്കും കാട്ടി കൊടുക്കണം എന്ന് അമ്മക്ക് തോന്നി. അവിടെയും ദൈവീകത അവര്ക്ക് കൂട്ടായി അവർ നഗ്ന പാദരായി ഹിമ ശൈലങ്ങളിൽ അനായാസം കടന്നു കേറി.  അവർ സുഖ ദുഃഖങ്ങൾ ഉപേക്ഷിച്ചിരുന്നു. പൂവ് പോലെ കാറ്റ് പോലെ ഹിമവൽ മലനിരകളെ ഉപദ്രവിക്കാതെ അവർ ധ്യാനിച്ച് ലയിച്ചു. ഒരു പോറൽ പോലും ഏൽപ്പിക്കാതെ.

പൂര്ണമായും ദൈവം ആകാൻ കഴിയാത്ത മക്കൾ ദൈവങ്ങളായ മക്കളെ അന്ധമായി ആരാധിക്കുവാൻ തുടങ്ങി. ആ ആരാധനയിൽ അമ്മയും മനുഷ്യ ദൈവങ്ങളും കൂടുതൽ തൃപ്തരായി. പിന്നെ അവരെ തേടി സുഖ ദുഖങ്ങളും ആയി അനുഗ്രഹത്തിന് അനുഗമിച്ച മറ്റു മക്കളും അനുയായികളും അവിടെക്കൊഴുകി. പുറകെ സുഖ സൌകര്യങ്ങളും പണവും ആർഭാടവും പ്ലാസ്ടിക്കും, കൊണ്ക്രീടും ചിഹ്നങ്ങളും മതവും. ഹിമശൈലം ചൂടേറ്റു ഉരുകി തുടങ്ങി മലിനമായി പ്രളയം താണ്ടവമാടി. കണ്ണും നാവും ഓര്മയും നഷ്ടപെട്ട ഈശ്വർ അതൊന്നും അറിഞ്ഞില്ല. ഇതൊക്കെ ഉണ്ടായിട്ടും മക്കൾ അതൊന്നും ഉപയോഗിച്ചുമില്ല. പക്ഷെ അവർ എല്ലാം അനുഭവിക്കുന്നുണ്ടായിരുന്നു. ചെയ്തുപോയ തെറ്റുകളുടെ ശിക്ഷ ആണെന്ന് അറിയാതെ.

പക്ഷെ അപ്പോഴും ഈശ്വർ ഓര്ക്കുക ആയിരുന്നു മറക്കാത്ത ആ ദിവസം
സ്വർഗത്തിലേക്ക് ഭൂമിക്കു ഒരിക്കലും കടക്കുവാൻ ആകില്ല, കാരണം അത് ആകാശത്തിലാണ് അവിടെ ഭൂമിക്കും മനുഷ്യര്ക്കും ഒരിക്കലും കടക്കുവാൻ ആകില്ല! എന്ന് തുറന്നു പറയേണ്ടി വന്ന ആ ദിവസം. ദൈവങ്ങൾക്ക് മാത്രം പ്രവേശനം ഉള്ള സ്വർഗത്തിനെക്കുറിച്ചു അറിയാതെ പറഞ്ഞു പോയ ആ ദിവസം. അതൊരു അപരാധം പോലെ ഭൂമി തിരിച്ചറിഞ്ഞു വിണ്ണും സ്വർഗ്ഗവും ഭൂമി വെറുത്ത ആ നിമിഷം! മനുഷ്യരെ പോലെ വളർത്തും.. എന്ന് വാശിയോടെ പറഞ്ഞു തന്നോട് പിണങ്ങി കരഞ്ഞു തളര്ന്നുറങ്ങിയ ആ ദിവസം!

ഇതൊരു സാങ്കല്പ്പിക കഥ ഭൂമിയിൽ നടക്കാത്ത ഒരു വെറും കഥ 
ഇനി ഈ കഥയുടെ അണിയറയിൽ പ്രവർത്തിച്ചവരെ ക്കുറിച്ച് വെറും നേരം പോക്കിന് രണ്ടു വാക്ക്..എണ്ണി നോക്കിയിട്ടില്ല..

പ്രളയം : ഉണ്ടായതും ഉണ്ടായേക്കാൻ പോകുന്നതും ഭൂമിയിലോ ചന്ദ്രനിലോ ചൊവ്വായിലോ ഈ പ്രപഞ്ചത്തിൽ എവിടെങ്കിലും ഉണ്ടാകുന്നതോ ആയ ഒരു പ്രളയമോ വെള്ളപ്പോക്കാമോ കര കവിയലോ ആയീ ഒരു ബന്ധവും ഇല്ല, ഇത് പൂര്ണമായും മനസ്സിന്റെ അകത്തളങ്ങളിൽ (ഇൻഡോർ) സെറ്റ് ഇട്ടു ചിത്രീകരിച്ചതാണ് NB: പ്രകൃതി സ്നേഹികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ ഇതിൽ ഒരുതുള്ളി വെള്ളം പോലും ഉപയോഗിച്ചിട്ടില്ല രണ്ടു തുള്ളി കണ്ണ് നീർ അല്ലാതെ)

വിഗ്രഹം : എന്റെ സ്വകാര്യ ശേഖരത്തിൽ നിന്ന് (പൊടി തട്ടിയത്)

ഭൂമിയും മക്കളും: അവരെ ഞാൻ കണ്ടിട്ടില്ല പറഞ്ഞു കേട്ട അറിവനുസരിച്ച് അവർ നന്നായി ഇപ്പോൾ ജീവിച്ചു പോകുന്നു

ഈശ്വർ: അത് ഞാൻ കണ്ടിട്ടുള്ള ഒരു കഥാപാത്രം ഇപ്പോൾ പ്രായമായെങ്കിലും ദൈവീകം ഉപേക്ഷിച്ചു ഭൂമിയോടും മക്കളോടും ഒപ്പം വിശ്രമ ജീവിതം സുഖമായി നയിക്കുന്നു (കാഴ്ച ഓര്മ സംസാരശേഷി എല്ലാം ആവശ്യത്തിനു ഉണ്ട് ചിലപ്പോ ആവശ്യത്തിനു ഉപയോഗപെട്ടില്ലെങ്കിലും)
തിരശീല (വീണ്ടും പോക്കാവുന്നത്)

published in
നിശ്വാസം
byjunarayan.blogspot.ae  on 22/06/2013