Thursday 4 July 2013

വഞ്ചന


ഈ വൈകിയ വേളയിൽ.... ഞാൻ ആ സത്യം തിരിച്ചറിയുന്നു..
അവൾ എന്നെ വഞ്ചിക്കുകയായിരുന്നു.
അതെ അവൾ... എന്റെ പുഴ.. ഞാൻ ജീവന് തുല്യം സ്നേഹിച്ച എന്റെ പുഴ, എന്റെ മാത്രം പുഴ!
അവൾ എന്നെ വഞ്ചിക്കുകയായിരുന്നു.. ജീവന് തുല്യം നിന്നെ സ്നേഹിക്കുന്നെന്ന് കാതിൽ കെട്ടിപ്പിടിച്ചു പറയുമ്പോഴും അവളെന്നെ ചതിക്കുകയായിരുന്നു..

നിനക്കിഷ്ടം എന്നെയോ എന്നിലെ വെള്ളത്തെയോ അതോ അടിയിലെ മണലിനെയോ? എന്നവൾ കളിയായി ചോദിക്കുമ്പോഴും.. ഞാൻ എന്റെ മുഖം തോണി കൊണ്ട് മറച്ചു അവളുടെ മാറിൽ തുഴയെറിഞ്ഞ് പരിഭവം കാണിച്ചു.

അവൾ മുങ്ങി പൊങ്ങുമ്പോൾ എല്ലാം, അവൾ കുടിച്ച വെള്ളം കുടിച്ചു വറ്റിച്ചു.. അവളുടെ ജീവന് വേണ്ടി..

ആഴം കുറയുമ്പോൾ എല്ലാം അവളുടെ വയറിൽ പതിയെ തടവി ഇക്കിളി ഇട്ടു ചിരിപ്പിച്ചു, അവൾ ശർദ്ദിച്ച മണൽ അവളറിയാതെ കോരി കളഞ്ഞു വൃത്തി ആക്കി.. എന്നിട്ടും അവളെ രക്ഷിക്കാനായ്‌ പിടിച്ചു കെട്ടുമ്പോഴും എനിക്ക് അസുഖമൊന്നുമില്ല ഞാൻ രോഗിയല്ല ഞാൻ ഭ്രാന്തി യാണോ ഇങ്ങനെ പിടിച്ചു കെട്ടാൻ എന്ന് അവൾ അലറി കുതറുന്നുണ്ടായിരുന്നു.

പിന്നെ സമൂഹം ഇവൾക്ക് ഭ്രാന്താണെന്ന് വിധി എഴുതുമ്പോഴും.. ഇനി അധികം ആയുസ്സില്ലെന്ന് അടക്കം പറയുമ്പോഴും അവൾ പൊട്ടി കരഞ്ഞു എന്നെ കെട്ടിപ്പിടിച്ചു.. എന്നെ വിട്ടു കൊടുക്കല്ലേ എന്നെ കൊണ്ട് പോകരുതെന്ന് പറയൂ.....എന്ന് പറഞ്ഞു അവൾ അലമുറ ഇട്ടു.

അവസാനം അവളുടെ കരവലയത്തിൽ വീണുറങ്ങുമ്പോൾ അവളുടെ ഏങ്ങലുകൾക്ക്, അവളുടെ വീർപ്പുമുട്ടലുകൾക്ക് ഒരു ആശ്വാസം പോലെ അവളിൽ പറ്റിച്ചേർന്നു കിടന്നു..

എത്രനേരം  അങ്ങനെ കിടന്നു എന്നോർമയില്ല..

അബോധത്തിനും മരണത്തിനും ഇടയിലെ നേർത്തനിമിഷങ്ങൾക്കിടയിൽ. കണ്‍പോള ബലമായി തുറക്കാൻ ശ്രമിക്കുമ്പോൾ അറിയാത്ത കടൽക്കരയിലെത്തിയിരുന്നു!

ജീവനുണ്ടോ എന്ന് സ്വയം നോക്കാൻ നീട്ടിയ കയ്യിൽ അവളുടെ തണുത്ത വിറങ്ങലിച്ച ശരീരം!.. അപ്പോഴും അവൾ എന്നെ ഇറുകെ പുണർന്നിരുന്നു... അവളെപ്പോഴോ മരിച്ചിരുന്നു!.. മരണത്തിലും അവൾ എന്നെ കൈവിട്ടിരുന്നില്ല! മരണത്തിനു മുമ്പേ ഞാൻ അവളെ കൈവിട്ടല്ലോ എന്ന് ഓർക്കുന്നതിനിടയിൽ  ബാലിക്കാക്കയും കടൽക്കാക്കകളും കർമങ്ങൾക്ക് തിരക്ക് കൂട്ടുന്നത്‌ ഞാൻ അറിഞ്ഞു.

അവനോ, അവൾക്കോ ആദ്യം ശ്രാദ്ധം എന്ന് അവർ തർക്കിക്കുമ്പോൾ.. ആരോ ആ സംശയം ഉയർത്തി.. ചടങ്ങ് നടത്താൻ വരട്ടെ. കൊന്നത് അവനോ?   അതോ... അവളോ?


published in
നിശ്വാസം
byjunarayan.blogspot.ae  on 08 June 2013 

No comments:

Post a Comment